ഭക്തിസാന്ദ്രമായി മാർ തോമാ തീർത്ഥാടനം ;ഭിന്നിച്ചു തളരാതെ ഒന്നിച്ചു മുന്നേറണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ …
ഇരിങ്ങാലക്കുട :ഭിന്നിച്ചു തളരാതെ ഒന്നിച്ചുനിന്നു മുന്നോട്ടുപോകാന്‍ ക്രൈസ്തവ സമൂഹം തയാറാവണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഭാരത അപ്പസ്‌തോലനായ മാര്‍ തോമാ ശ്ലീഹായുടെ 1971-ാമത് ഭാരതപ്രവേശന തിരുനാളിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കൊടുങ്ങല്ലൂര്‍ മാര്‍ തോമാ തീര്‍ത്ഥാടനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. വ്യക്തികളും സമൂഹങ്ങളും സഭകളും തമ്മിലുള്ള ഐക്യവും കൂട്ടായ്മയും മുമ്പത്തേക്കാളേറെ ആവശ്യമായ കാലമാണിതെന്നും ബിഷപ്പ് പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നു രാവിലെ 6.30 ന് ആരംഭിച്ച ആയിരങ്ങളുടെ പദയാത്രയ്ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്‍കി. രൂപതയിലെ 141 ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പേപ്പല്‍ പതാകകളേന്തി പദയാത്രയില്‍ അണിചേര്‍ന്നു. കരൂപ്പടന്ന സ്‌കൂള്‍ മൈതാനിയില്‍ മുസ്ലിം സഹോദരങ്ങള്‍ പദയാത്രികരെ ലഘു ഭക്ഷണവും വെള്ളവുമൊരുക്കി സ്വീകരിച്ചു. നാലു മണിക്കൂര്‍ പിന്നിട്ട് കൊടുങ്ങല്ലൂര്‍ ശൃംഗപുരം സെന്റ് മേരീസ് പള്ളിയങ്കണത്തിലെ സാന്തോം നഗറിലെത്തിയ പദയാത്രികരെ വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്റെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു മാര്‍ പോളി കണ്ണൂക്കാടന്‍, വികാരി ജനറല്‍മാരായ മോ. ജോസ് മഞ്ഞളി, മോ. ജോസ് മാളിയേക്കല്‍, മോ. വില്‍സന്‍ ഈരത്തറ എന്നിവരും ടി.എന്‍. പ്രതാപന്‍ എംപി, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, ഇ. ടി. ടൈസണ്‍ എംഎല്‍എ, നഗരസഭാധ്യക്ഷ ടി. കെ. ഗീത, ചേരമാന്‍ മസ്ജിദ് ഇമാം മുഹമ്മദ് സലിം നദ്‌വി എന്നിവരും കല്‍വിളക്കില്‍ ദീപങ്ങള്‍ തെളിയിച്ചു. തീര്‍ത്ഥാടകര്‍ കത്തിച്ച ദീപങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടര്‍ന്നു നടന്ന തീര്‍ത്ഥാടന സമൂഹ ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈദികരും സന്യസ്തരും അല്‍മായരുമടങ്ങിയ വന്‍ വിശ്വാസി സമൂഹം തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ടു. ഫാ. ജോഷി കല്ലേലിയുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ വിശ്വാസികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. സ്‌നേഹവിരുന്നോടെ മാര്‍ തോമാ തീര്‍ത്ഥാടനത്തിനു സമാപ്തിയായി.