നവകേരള സദസ്സ് ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് ; പരാതികൾ സമർപ്പിക്കാൻ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ …
ഇരിങ്ങാലക്കുട : സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ തേടാനുമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ഡിസംബർ 6 ന് വൈകീട്ട് നാല് മണിക്കാണ് നവകേരള സദസ്സ് നടക്കുക. വൈകീട്ട് നാലരയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരും. പ്രധാന കവാടത്തിലൂടെയാണ് മുഖ്യാതിഥികൾ വേദിയിലേക്ക് പ്രവേശിക്കുക. തൃശൂരിലെ സ്വകാര്യ കമ്പനിയുടെ നേത്യത്വത്തിൽ 60 പേർക്ക് ഇരിക്കാനുള്ള സ്റ്റേജും അയ്യായിരം പേർക്ക് ഇരിക്കാനുള്ള പന്തലുമാണ് ഒരുങ്ങുന്നത്. രാവിലെ 10 മണിയോടെ തന്നെ പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കാൻ ആരംഭിക്കും. ഇൻഫർമേഷൻ കൗണ്ടറും ഹെൽപ്പ് ഡെസ്കും കൂടാതെ 25 കൗണ്ടറുകളാണ് സർക്കാർ ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ പ്രവർത്തിക്കുക. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക കൗണ്ടറുകളാണ് സജ്ജീകരിക്കുന്നത്. പോലീസിന് പുറമേ കോളേജുകളിൽ നിന്ന് 450 ഓളം എൻഎസ്എസ്, എൻസിസി വളണ്ടയിർമാരുടെ സേവനവും ഉണ്ടാകും. കുടിവെള്ളത്തിനുള്ള സൗകര്യങ്ങളും മൈതാനത്ത് ഉണ്ടാകും. മെഡിക്കൽ ടീം , ആംബുലൻസ് എന്നിവയുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സിന്ധു ഓഡിറ്റോറിയം, അയ്യങ്കാവ് ക്ഷേത്ര മൈതാനം, ബൈപ്പാസ് റോഡ്, കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പ് എന്നിവടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പരിപാടികൾ ആറ് മണിയോടെയാണ് സമാപിക്കുക. എന്നാൽ അവസാന പരാതിയും സ്വീകരിച്ചതിന് ശേഷമേ കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയുള്ളൂവെന്ന് സംഘാടകർ അറിയിച്ചു. സ്റ്റേജിന്റെയും പന്തലിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ നാളെ വൈകീട്ടോടെ പൂർത്തിയാകും. വൈകീട്ട് നാലിന് കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൗര പ്രമുഖരും പങ്കെടുക്കുന്ന വിളംബര ജാഥ നടക്കും.