ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യ സുരക്ഷ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 236 ഗുണഭോക്താക്കൾ ; നഗരസഭാ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് വിമർശനം ..

ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യ സുരക്ഷ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 236 ഗുണഭോക്താക്കൾ ; നഗരസഭാ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് വിമർശനം ..

 

ഇരിങ്ങാലക്കുട : നഗരസഭയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്നും ഗുണഭോക്താക്കൾ ഒഴിവാക്കപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്നും വിമർശനം. നഗരസഭ യോഗത്തിൽ നിശ്ചിത അജണ്ടകൾക്ക് മുമ്പായി ബിജെപി അംഗം ടി കെ ഷാജുട്ടനാണ് വിഷയം അവതരിപ്പിച്ചത്. മാസങ്ങളായി മുടങ്ങിയ പെൻഷൻ വിതരണം പുനരാരംഭിച്ചപ്പോൾ ഇതാണ് അവസ്ഥയെന്നും രേഖകൾ എല്ലാം കൗൺസിലർമാരുടെ നേത്യത്വത്തിൽ കൃത്യമായി സമർപ്പിച്ചിരുന്നതാണെന്നും പെൻഷൻ എങ്ങനെ നഷ്ടപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കണമെന്നും ബിജെപി അംഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതിൽ വിഷമമുണ്ടെന്നും നോൺ- മാര്യേജ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു വീട്ടുവീഴ്ചയും അനുവദിക്കേണ്ടതില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അംഗങ്ങളായ ബിജു പോൾ അക്കരക്കാരൻ , അഡ്വ ജിഷ പോൾ എന്നിവർ ആവശ്യപ്പെട്ടു. പ്രചരിക്കുന്നത് പോലെ 1500 ഓളം പേർക്ക് പെൻഷൻ നഷ്ടമായിട്ടില്ലെന്നും 236 പേർക്ക് മാത്രമാണ് നഷ്ടമായിട്ടുള്ളതെന്നും അർഹരായവരുടെ കാര്യം പരിഗണിക്കാമെന്നും സെക്രട്ടറി അറിയിച്ചു.

തന്റെ വാർഡിൽ ഉൾപ്പെടുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നായ്ക്കളെ കൊണ്ട് തള്ളുന്ന സാഹചര്യം ഉണ്ടെന്നും മാലിന്യ പ്രശ്നങ്ങൾ തുടരുകയാണെന്നും പരിസരവാസികൾ പ്രതിഷേധത്തിലുമാണെന്ന പ്രതിപക്ഷ അംഗം അഡ്വ ജിഷ ജോബിയുടെ വിമർശനത്തോടെയാണ് യോഗം ആരംഭിച്ചത്. ട്രഞ്ചിംഗ് ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്തി മതിൽ കെട്ടി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. വിഷയം പരിശോധിക്കാൻ ഹെൽത്ത് സൂപ്രവൈസറെ ചെയർ പേഴ്സൺ ചുമതലപ്പെടുത്തി. മതിൽ കെട്ടാൻ നിർദ്ദേശം ഉണ്ടെന്നും ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.

ഫയലുകൾ കാണാതാകുന്ന അവസ്ഥ നഗരസഭ ഓഫീസിൽ തുടരുകയാണെന്നും വാർഡിലെ റോഡ് നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും എൽഡിഎഫ് അംഗം അൽഫോൺസ തോമസ് പറഞ്ഞു. വിശ്വനാഥപുരം ക്ഷേത്രത്തിൽ നിന്നും മാർക്കറ്റിലേക്ക് പോകുന്ന റോഡിലുള്ള മാൻ ഹോളുകളിൽ ഒന്നിന്റെ തകിട് ഇളകി അപകടകരമായ അവസ്ഥയിലാണ് തുടരുന്നുതെന്നും ബന്ധപ്പെട്ടവർ നടപടി എടുക്കണമെന്നും ഭരണകക്ഷി അംഗം പി ടി ജോർജ്ജ് ആവശ്യപ്പെട്ടു.

വാർഡ് എഴിൽ ആരംഭിക്കാൻ ലക്ഷ്യമിട്ട വെൽനെസ്സ് സെന്ററിന്റെ നപടികൾ ഡിസംബർ 30 നുള്ളിൽ പൂർത്തീകരിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. വാർഡിലെ ആരോഗ്യ ഉപകേന്ദ്രത്തോടനുബന്ധിച്ച് വെൽനെസ്സ് സെന്റർ തുടങ്ങാൻ ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നടപടികൾ വൈകുന്നത്. എഴാം വാർഡിൽ തന്നെ വെൽനെസ്സ് സെന്റർ തുടങ്ങണമെന്ന പിടിവാശി മൂലം ഫണ്ട് നഷ്ടപ്പെട്ടാൽ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഉത്തരവാദിയായിരിക്കില്ലെന്ന് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ അംബിക പള്ളിപ്പുറത്ത് പറഞ്ഞു. സെന്റർ തുടങ്ങാൻ വാർഡിൽ കണ്ടെത്തിയിട്ടുള്ള രണ്ട് കെട്ടിടങ്ങൾ സന്ദർശിച്ച് തീരുമാനമെടുക്കാൻ ചെയർ പേഴ്സൺ നിർദ്ദേശം നൽകി.

യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: