പിഎംഎവൈ – ലൈഫ് ഭവന പദ്ധതി ; നേട്ടവുമായി ഇരിങ്ങാലക്കുട നഗരസഭ; ഇതിനകം പൂർത്തീകരിച്ചത് 682 വീടുകളുടെ നിർമ്മാണം …

പിഎംഎവൈ – ലൈഫ് ഭവന പദ്ധതി ; നേട്ടവുമായി ഇരിങ്ങാലക്കുട നഗരസഭ; ഇതിനകം പൂർത്തീകരിച്ചത് 682 വീടുകളുടെ നിർമ്മാണം …

 

ഇരിങ്ങാലക്കുട : പിഎംഎവൈ – ലൈഫ് ഭവന പദ്ധതിയിൽ നേട്ടവുമായി ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി ആരംഭിച്ച 2017 തൊട്ട് 2021 വരെയായി 642 വീടുകളുടെ നിർമ്മാണമാണ് അഞ്ച് ഡിപിആർ വഴിയായി നഗരസഭ പൂർത്തീകരിച്ചത്. ആകെ 659 വീടുകളുടെ ഗുണഭോക്താക്കളുമായിട്ടാണ് കരാർ ഒപ്പിട്ടിരുന്നത്. ഇതിൽ തന്നെ ആറ് വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലുമാണ്. 2021, 2022 വർഷങ്ങളിലായി 41 വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 374 ഗുണഭോക്താക്കളിൽ 244 പേർ ഭവന നിർമ്മാണത്തിനായുളള കരാറിൽ ഒപ്പ് വച്ച് കഴിഞ്ഞു. ഇതിൽ 40 എണ്ണത്തിന്റെ നിർമ്മാണവും പൂർത്തിയായിക്കഴിഞ്ഞു. സ്വന്തമായി ഭൂമിയുള്ളവർക്ക് ഒരു വീടിന്റെ നിർമ്മാണത്തിനായി നാല് ലക്ഷം രൂപയാണ് നല്കുന്നത്. രണ്ട് ലക്ഷം രൂപ നഗരസഭ വിഹിതവും ഒന്നര ലക്ഷം കേന്ദ്ര വിഹിതവും അമ്പതിനായിരം രൂപ സംസ്ഥാന വിഹിതവുമാണ്. ഇതിനകം ആറരക്കോടി രൂപയാണ് പദ്ധതിയുടെ ഗുണഭോക്‌താക്കൾക്ക് കൈമാറിക്കഴിഞ്ഞിട്ടുള്ളത്. പദ്ധതി പ്രകാരം നഗരസഭയിൽ മാത്രം 682 വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. കൂടുതൽ വീടുകൾ നിർമ്മിച്ച് കൈമാറിയിട്ടുള്ള തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിൽ നഗരസഭ മുന്നിലാണെന്ന് അധിക്യതർ പറയുന്നു. വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 97 % നിർവ്വഹണമാണ് നഗരസഭ നടത്തിയിരിക്കുന്നത്. ഫണ്ട് ലഭിച്ച് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തവർക്ക് എതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭവന നിർമ്മാണം പൂർത്തീകരിച്ചവർക്കുള്ള ഇൻഷൂറൻസ് കാർഡ് വിതരണവും താക്കോൽ ദാനവും നവംബർ 29 ന് നടക്കും.

Please follow and like us: