നവകേരളസദസ്സ് ; പരാതികൾ നല്കാനുള്ള കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നു ; പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 29 ന് ആരംഭിക്കും; ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലാ ഭരണകൂടം …
ഇരിങ്ങാലക്കുട : ഡിസംബർ 6 ന് നടക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലതലം നവകേരളസദസ്സിൽ നിർദ്ദേശങ്ങളും പരാതികളും സമർപ്പിക്കാൻ വേദിയായ അയ്യങ്കാവ് മൈതാനത്ത് ഒരുക്കുന്നത് 25 കൗണ്ടറുകൾ. തിരക്ക് ക്രമാതീതമായാൽ നിയന്ത്രിക്കുന്നതിന് അഞ്ച് റിസർവ്വ് കൗണ്ടറുകളും ഇതിന് പുറമെ സജ്ജീകരിക്കുന്നുണ്ട്. ഇരുപത് കൗണ്ടറുകൾ ഒരുക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. രാവിലെ പത്ത് മണിക്ക് തന്നെ പരാതികൾ സ്വീകരിച്ച് തുടങ്ങും. സമ്മേളന വേദിയിലെ സ്റ്റേജിന്റെയും പന്തലിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 29 ന് വൈകീട്ട് ആരംഭിക്കും. മുഖ്യാതിഥികളായ അറുപത് പേരെ ഉൾക്കൊള്ളുന്ന സ്റ്റേജും അയ്യായിരം പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ പണിയും നവംബർ 4 ന് പൂർത്തീകരിക്കും. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. സമ്മേളന വേദിയിൽ ഡോക്ടർമാരുടെ നേത്യത്വത്തിൽ വിപുലമായ മെഡിക്കൽ സൗകര്യങ്ങളും ആംബുലൻസ് സൗകര്യവും എർപ്പെടുത്തുന്നുണ്ട്. കുടിവെള്ളത്തിനുള്ള സൗകര്യങ്ങളും ഉണ്ടാകും.
തിങ്കളാഴ്ച വൈകീട്ട് അയ്യങ്കാവ് മൈതാനിയിൽ എത്തിയ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐഎഎസ് , റൂറൽ പോലീസ് മേധാവി നവനീത് ശർമ്മ എന്നിവർ നവകേരള സദസ്സിന്റെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ , ബ്ലോക്ക് പ്രസിഡണ്ടുമാരായ
ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ , പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ചിറ്റിലപ്പിള്ളി , കെ എസ് തമ്പി , ടി വി ലത, ആർ ഡി ഒ എം കെ ഷാജി, തഹസിൽദാർ കെ ശാന്തകുമാരി , സി ഐ അനീഷ് കരീം എന്നിവരും ഒപ്പമുണ്ടായിരുന്നു.