നവകേരള സദസ്സ് ; പരാതികൾ സ്വീകരിക്കാൻ ഇരുപത് കൗണ്ടറുകൾ; മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിച്ചേരുന്നത് നാലരയോടെ ; നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികൾ നാളെ ആരംഭിക്കും …
ഇരിങ്ങാലക്കുട : ഡിസംബർ ആറിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. വൈകീട്ട് 4.30 ന് മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന സദസ്സിനോടനുബന്ധിച്ച് ജനങ്ങൾക്കുള്ള പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് ഇരുപത് കൗണ്ടറുകൾ രാവിലെ 10 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് കൺവീനറും റവന്യു ഡിവിഷണൽ ഓഫീസറുമായ എം കെ ഷാജി പത്ര സമ്മേളനത്തിൽ അറിയിച്ചു. രണ്ട് മുതൽ നാലാഴ്ചക്കുള്ളിൽ പരാതികൾക്ക് പരിഹാരം കാണുന്ന വിധത്തിലാണ് സർക്കാർ സംവിധാനമൊരുക്കിയിട്ടുള്ളത്. 5000 പേർക്ക് ഇരിക്കാവുന്ന ആധുനിക സംവിധാനങ്ങളാണ് മൈതാനയിൽ ഒരുക്കുന്നത്. 3.30 ന് മന്ത്രിമാരുടെ ആദ്യ സംഘവും തുടർന്ന് 4.30 ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിച്ചേരും. ഉച്ചക്ക് രണ്ട് മണി മുതൽ ഗായകരായ എടപ്പാൾ വിശ്വനാഥൻ, ഫിറോസ് ബാബു എന്നിവർ നേത്യത്വം നൽകുന്ന സംഗീത വിരുന്ന് അരങ്ങേറും.
നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികൾ മണ്ഡലത്തിലെ വിവിധ വേദികളിലായി നവംബർ 25 ന് ആരംഭിക്കും. കവിയരങ്ങ്, ഭിന്നശേഷി കലോൽസവം, നൈറ്റ് വാക്ക് , ഐക്യകേരള ദീപ ജ്വാല , കുടുംബശ്രീ കലോൽസവം, പഞ്ചായത്ത് തല വിളംബര ജാഥ, ഫ്ളാഷ് മോബ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
തഹസിൽദാർ കെ ശാന്തകുമാരി , സംഘാടകരും ജനപ്രതിനിധികളുമായ ലത ചന്ദ്രൻ , വിജയലക്ഷ്മി വിനയചന്ദ്രൻ , ജോസ് ജെ ചിറ്റിലപ്പള്ളി , ലത സഹദേവൻ, അഡ്വ കെ ആർ വിജയ , ടി വി ലത എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.