ജില്ലയിൽ സ്വകാര്യ ബസ്സുകൾക്കായി എകീകരിച്ച സമയക്രമം നടപ്പിലാക്കണമെന്ന ആവശ്യം നീളുന്നു; ക്രൈസ്റ്റ് കോളേജ് റോഡിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ച് പരിസരവാസികൾ ; ബസ്സുകളുടെ അമിത വേഗതയ്ക്കെതിരെ അധികൃതർ മൗനം പാലിക്കുകയാണെന്ന് വിമർശനം …
ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെ തുടർന്നുള്ള അപകടങ്ങൾക്ക് പരിഹാരം കാണാനും ബസ്സുകൾക്കായി എകീകരിച്ച സമയക്രമം കൊണ്ടു വരാനും മന്ത്രി – ഉദ്യോഗസ്ഥതലത്തിൽ വിളിച്ച് ചേർത്ത യോഗങ്ങൾ ഇനിയും ലക്ഷ്യത്തിൽ എത്തിയില്ല. ഈ വർഷം ജൂലൈ 31 ന് ആണ് വർധിച്ച് വരുന്ന ബസ്സപകടങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ സ്വകാര്യ ബസ്സുടമകളുടെയും ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർത്തത്. റണ്ണിംഗ് ടൈം കുറച്ചാണ് ചില ബസ്സുകൾ സർവീസ് നടത്തുന്നതെന്ന് ഒരു വിഭാഗം ബസ്സുടമകൾ തന്നെ യോഗത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ തന്നെ നിർദ്ദേശപ്രകാരം പ്രശ്നപരിഹാരത്തിനായി ഡിവൈഎസ്പി യുടെ അധ്യക്ഷതയിലും യോഗം ചേർന്ന് റണ്ണിംഗ് ടൈം എകീകരിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബസ്സ് ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ആഗസ്റ്റ് 16 ന് തൃശ്ശൂരിൽ ചേർന്ന ബസ്സുടമകളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗം 2018 ൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ച ഡി ത്രീ റണ്ണിംഗ് ടൈം വ്യവസ്ഥ ജില്ലയിൽ നടപ്പിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു. റോഡിന്റെ വീതിയും തിരക്കും അനുസരിച്ച് റണ്ണിംഗ് ടൈമിൽ വ്യത്യാസങ്ങൾ വരുന്ന ഡി ത്രീ സമ്പ്രദായം നടപ്പിലാക്കിയാൽ അമിത വേഗതയ്ക്ക് പരിഹാരമാകുമെന്ന നിലപാടാണ് ബസ്സുടമകൾക്ക് ഉള്ളത്. ജില്ലയിൽ സർവീസ് നടത്തുന്ന 150 ഓളം ബസ്സുകളുടെ സമയം ക്രമീകരിക്കേണ്ടി വരുമെന്നതിനാൽ ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ തന്നെ നിയമിക്കാൻ തൃശ്ശൂർ ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇവർ സൂചിപ്പിക്കുന്നുണ്ട്. റണ്ണിംഗ് ടൈം എകീകരിക്കാനുള്ള നടപടിക്രമങ്ങൾ നീളുകയാണെന്ന് തന്നെയാണ് ഇതോടെ വ്യക്തമാകുന്നത്.
അതേ സമയം ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ക്രൈസ്റ്റ് കോളേജ് റോഡിൽ ഒരാഴ്ചക്കുള്ളിൽ ഉണ്ടായ രണ്ട് അപകടങ്ങളോടെ ശക്തമാകുന്നുണ്ട്. റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ക്രൈസ്റ്റ് നഗർ റെസിഡൻസ് അസോസിയേഷൻ തന്നെ രംഗത്ത് വന്നു. ഇത് വഴി വന്ന ബസ്സുകൾ തടഞ്ഞ് നിറുത്തി വേഗത കുറച്ച് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് ബോർഡുകൾ സ്ഥാപിച്ചത്. ഇരുചക്രവാഹനക്കാരെ വേട്ടയാടുന്ന അധികൃതർ അമിത വേഗതയിൽ പായുന്ന ബസ്സുകൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തി. അസോസിയേഷൻ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത്, സെക്രട്ടറി ഷാജു കണ്ടംകുളത്തി എന്നിവർ നേത്യത്വം നൽകി.