ക്രൈസ്റ്റ് കോളേജ് റോഡിൽ വീണ്ടും അപകടം ; അമിത വേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് കാട്ടുങ്ങച്ചിറ സ്വദേശികളായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു; അമിത വേഗതയ്ക്കെതിരെ നടപടികൾ സ്വീകരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്ന് ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ …

ക്രൈസ്റ്റ് കോളേജ് റോഡിൽ വീണ്ടും അപകടം ; അമിത വേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് കാട്ടുങ്ങച്ചിറ സ്വദേശികളായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു; അമിത വേഗതയ്ക്കെതിരെ നടപടികൾ സ്വീകരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്ന് ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ …

 

ഇരിങ്ങാലക്കുട : ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് സ്കൂട്ടറിൽ പോവുകയായിരുന്ന ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് കിടങ്ങൻ ജെയ്സൻ (58) , ഭാര്യ ഷീബ (56) എന്നിവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറരയോടെ ക്രൈസ്റ്റ് കോളേജ് റോഡിലായിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും കൊടുങ്ങലൂരിലേക്ക് പോവുകയായിരുന്ന മിഷാൽ എന്ന ബസ്സ് മുമ്പിൽ ഉണ്ടായിരുന്ന സ്കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ബസ്സ് അമിത വേഗതയിൽ ആയിരുന്നുവെന്നും പരിസരവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ ഇത് വഴി വന്ന ബസ്സുകൾ തടഞ്ഞു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.ഏതാനും ദിവസം മുമ്പാണ് നിയന്ത്രണം വിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് എകെപി ജംഗ്ഷനിൽ പെട്ടിക്കടയും സ്തൂപങ്ങളും ഇടിച്ച് തകർത്തത്. ഒഴിവ് ദിനമായത് കൊണ്ട് അന്ന് കൂടുതൽ അപകടങ്ങൾ ഒഴിവാകുകയായിരുന്നു.

ക്രൈസ്റ്റ് കോളേജ് മുതൽ എകെപി ജംഗ്ഷൻ വരെയുള്ള റോഡ് ബസ്സുകളുടെ അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയും മൂലം അപകടമേഖലയായി മാറിയിരിക്കുകയാണെന്നും പോലീസും മോട്ടോർ വാഹന വകുപ്പും നടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ക്രൈസ്റ്റ് കോളേജ്, എഞ്ചിനിയറിംഗ് കോളേജ്, സ്കൂൾ , പ്രതീക്ഷാ ഭവൻ, സിവിൽ സ്റ്റേഷൻ എന്നിവടങ്ങളിലേക്കായി ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് റോഡിനെ ആശ്രയിക്കുന്നത്. റോഡിൽ മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബ്രേക്കറും സ്ഥാപിക്കണമെന്നും അസോസിയേഷൻ പ്രസിഡണ്ട് തോംസൺ ചിരിയങ്കണ്ടത്ത് , സെക്രട്ടറി ഷാജു കണ്ടംകുളത്തി എന്നിവർ ആവശ്യപ്പെട്ടു.

Please follow and like us: