കോടതി ഉത്തരവിന്റെ കരുത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ യുപി വിഭാഗം മോഹിനിയാട്ടത്തിൽ മൽസരിച്ച കരുവന്നൂർ സെന്റ് ജോസഫ്സ് സിജിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിനി ലക്ഷ്യ എൻ വിനീഷിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
ഇരിങ്ങാലക്കുട : കോടതി
ഉത്തരവിന്റെ കരുത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ യുപി വിഭാഗം മോഹിനിയാട്ടത്തിൽ മൽസരിച്ച കരുവന്നൂർ സെന്റ് ജോസഫ്സ് സിജിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിനി ലക്ഷ്യ എൻ വിനീഷിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം കലോൽസവത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥിനിയെ കലോത്സവത്തിൽ പങ്കെടുപ്പിക്കണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് ആനന്ദപുരം ശ്രീക്യഷ്ണ സ്കൂളിൽ നടന്നു വരുന്ന കലോൽസവത്തിൽ ലക്ഷ്യ പങ്കെടുത്തത്. ആകെ രണ്ട് പേരാണ് മൽസര രംഗത്ത് ഉണ്ടായിരുന്നത്. സ്കൂൾ യുവജനോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിന് ഫസ്റ്റ്പ്രൈസും എ ഗ്രേഡും ലഭിച്ചിട്ടും സ്കൂളധികൃതർ സമയത്തിന്
മത്സരത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ നടത്താഞ്ഞതുമൂലമാണ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ മൽസരിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായത്. പിന്നീട് സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതിനല്കിയെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെ തുടർന്ന് അഭിഭാഷകരായ പി. ജെ. ജോബി,ജിഷ ജോബി എന്നിവർ മുഖാന്തരം ഇരിങ്ങാലക്കുട മുൻസിഫ് കോടതി മുമ്പാകെ സ്കൂൾ പ്രധാന അധ്യാപിക, എഇഒ, ഡിഇഒ ,ഡിഡിഇ ,ഡിജിഇ തുടങ്ങിയവരെ കക്ഷി ചേർത്ത് നൽകിയ കേസിലാണ് പരാതിക്കാരിയെക്കൂടി ഉൾപ്പെടുത്തി മോഹിനിയാട്ടമത്സരം നടത്തുവാൻ കോടതിയുത്തരവായത്. കരുവന്നൂർ നടുവിലേടത്ത് വിനീഷ് മകളായ ലക്ഷ്യ കഴിഞ്ഞ ഏഴ് കൊല്ലമായി ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ച് വരുന്നുണ്ട്. കലോൽസവത്തിനായി കഴിഞ്ഞ ആറ് മാസങ്ങളായി പ്രത്യേക പരിശീലനവും നടത്തിയിരുന്നു.