ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാതൃശിശു ആരോഗ്യവിഭാഗം കെട്ടിടത്തിന്റെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 4.75 കോടി രൂപ ചിലവിൽ ; ജനറൽ ആശുപത്രിയിയിലേക്ക് എംഎൽഎ ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാതൃശിശു ആരോഗ്യ വിഭാഗത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 4.75 കോടി രൂപ ചിലവിൽ വാപ്കോസ് ആണ് 16000 ചതുരശ്ര അടിയിൽ രണ്ടാം ഘട്ട നിർമ്മാണങ്ങൾ നടത്തുന്നത്. കുട്ടികൾക്കുള്ള തീവ്രപരിചരണ വിഭാഗവും പുതിയ വാർഡുകളും പേവാർഡുകളുമാണ് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുക. 2025 ജൂലൈയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറ്റം ഉണ്ടായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവർ സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും എംഎൽഎ ഫണ്ടിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് ആംബുലൻസ് അനുവദിച്ച് കഴിഞ്ഞതായും ഡോ ആർ ബിന്ദു അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ മുഖ്യാതിഥി ആയിരുന്നു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് വിജയ ലക്ഷ്മി വിനയചന്ദ്രൻ , പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പള്ളി , കുമാരി ടി വി ലത, സീമ പ്രേംരാജ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി പി ശ്രീദേവി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ എം ജി ശിവദാസ് നന്ദിയും പറഞ്ഞു.