34 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 80 പോയിന്റ് നേടി മുന്നിൽ ; എടതിരിഞ്ഞി എച്ച്ഡിപി യും മൂർക്കനാട് സെന്റ് ആന്റണീസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ …
ഇരിങ്ങാലക്കുട : 34-മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല
കേരള സ്കൂൾ കലോത്സവത്തിൽ ആദ്യ ദിന മൽസരങ്ങൾ പൂർത്തിയായപ്പോൾ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 80 പോയിന്റ് നേടി മുന്നിൽ. കഴിഞ്ഞ വർഷത്തെ ജേതാക്കളായ എടതിരിഞ്ഞി എച്ച്ഡിപി 74 പോയിന്റ് നേടി തൊട്ട് പുറകിൽ എത്തിയിട്ടുണ്ട്. 65 പോയിന്റ് നേടിയ മൂർക്കനാട് സെന്റ് ആന്റണീസ് സ്കൂളാണ് മൂന്നാം സ്ഥാനത്ത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 56 പോയിന്റ് നേടിയ നാഷണലും 53 പോയിന്റ് നേടിയ എടതിരിഞ്ഞി എച്ച്ഡിപി യും 47 പോയിന്റ് നേടിയ മൂർക്കനാട് സെന്റ് ആന്റണീസ് സ്കൂളുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ . ഹൈസ്കൂൾ വിഭാഗത്തിൽ 20 പോയിന്റ് വീതം നേടി ചെങ്ങാലൂർ സെന്റ് മേരീസ്, കാറളം വിഎച്ച്എസ്എസ്, കല്പപറമ്പ് ബിവിഎം എന്നിവർ മുന്നിൽ എത്തിയിട്ടുണ്ട്. 310 ഇനങ്ങളിൽ 56 ഇനങ്ങളിലാണ് മൽസരങ്ങൾ പൂർത്തിയായിട്ടുള്ളത്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ ജോസ് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ എം പി ടി എൻ പ്രതാപൻ മുഖ്യാതിഥിയായി. കാർട്ടൂണിസ്റ്റ് എം മോഹൻദാസ്, അഭിനേത്രിയും കോമഡി ഷോ താരവുമായ സൂര്യ സജു , ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എ എൻ നീലകണ്ഠൻ , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഷോർ പി ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർപേഴ്സൺ കാർത്തിക ജയൻ, മുരിയാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ്, വാർഡ് മെമ്പർ കെ. വൃന്ദകുമാരി, ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡന്റ് എ എം ജോൺസൻ ആനന്ദപുരം ജി യു പി എസ് പ്രധാനാധ്യാപിക ബീന ഇ കെ, എൽ.പി യു.പി എച്ച് എം ഫോറം കൺ വീനർ സിന്ധു മേനോൻ, ഇരിങ്ങാലക്കുട ബി ആർ സി ബിപിസി കെ ആർ സത്യപാലൻ, വികസന സമിതി കൺവീനർ എൻ എൻ രാമൻ, ഡയറ്റ് ഫാക്കൽറ്റി സനോജ് എം ആർ എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ പ്രിൻസിപ്പൽ ബി സജീവ് സ്വാഗതവും ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. നിഷ എം സി നന്ദിയും പറഞ്ഞു. കലോത്സവം നവംബർ പതിനേഴ് വൈകിട്ട് സമാപിക്കും .