നവകേരളസദസ്സിന് ഇരിങ്ങാലക്കുട നഗരസഭ ഫണ്ട് നൽകില്ല; ക്ഷേമപെൻഷനുകളുടെ വിതരണത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ബിജെപി പ്രതിഷേധം ; വിയോജനക്കുറിപ്പുകളുമായി എൽഡിഎഫ്; ചാത്തൻ മാസ്റ്റർ സ്മാരക ഹാളിന്റെ വാടക കുറയ്ക്കാൻ തീരുമാനം …

നവകേരളസദസ്സിന് ഇരിങ്ങാലക്കുട നഗരസഭ ഫണ്ട് നൽകില്ല; ക്ഷേമപെൻഷനുകളുടെ വിതരണത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ബിജെപി പ്രതിഷേധം ; വിയോജനക്കുറിപ്പുകളുമായി എൽഡിഎഫ്; ചാത്തൻ മാസ്റ്റർ സ്മാരക ഹാളിന്റെ വാടക കുറയ്ക്കാൻ തീരുമാനം …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഡിസംബർ 6 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ഫണ്ട് നൽകേണ്ടതില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ യോഗം . ഒരു ലക്ഷം രൂപ വരെ തനത് ഫണ്ടിൽ നിന്നും അനുവദിക്കാമെന്ന ഗവൺമെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ഇതിനായി അനുമതി തേടിയതിനെ തുടർന്ന് നടന്ന വോട്ടെടുപ്പിൽ പാർട്ടി തീരുമാനത്തിന്റെ പേരിൽ ഭൂരിപക്ഷം വരുന്ന യുഡിഎഫ് അംഗങ്ങൾ എതിർത്തതോടെയാണിത്. എൽഡിഎഫ് അംഗങ്ങൾ അനുകൂലിച്ചപ്പോൾ , ഇക്കാര്യത്തിൽ അഭിപ്രായമില്ലെന്നും പാർട്ടി അഭിപ്രായം പറഞ്ഞിട്ടില്ലെന്നുമുള്ള നിലപാട് ബിജെപി അംഗങ്ങളും സ്വീകരിച്ചു.

ക്ഷേമ പെൻഷനുകൾ അനുവദിക്കുന്നതിലെ കാലതാമസത്തെ ചൊല്ലിയുള്ള ബിജെപി അംഗങ്ങളുടെ പ്ലാക്കാർഡ് ഉയർത്തിയുള്ള പ്രതിഷേധത്തോടെയാണ് യോഗം ആരംഭിച്ചത്. ക്ഷേമപെൻഷനുകൾ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കണമെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. എന്നാൽ കേരളത്തിന്റെ ധന പ്രതിസന്ധി കേന്ദ്രസ്യഷ്ടിയാണെന്നും സാർവത്രിക പെൻഷൻ നൽകുന്ന വേറെയൊരു സംസ്ഥാനമില്ലെന്നും വിവേചനത്തിനെതിരെ പ്രതികരിക്കുകയാണ് അഭിമാനമുള്ള ബിജെപി അംഗങ്ങൾ ചെയ്യേണ്ടതെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പ്രമേയത്തെ എതിർത്ത് കൊണ്ട് പറഞ്ഞു. ഇത് സംബന്ധിച്ച് എൽഡിഎഫ്- ബിജെപി അംഗങ്ങൾ തമ്മിലുള്ള വാക്ക് പോരിനിടയിൽ എൽഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെ പ്രമേയം അംഗീകരിച്ചു.

കുടിവെള്ള പദ്ധതിക്ക് വേണ്ടി നഗരസഭാ റോഡുകൾ ഭാഗികമായി പൊളിക്കാൻ അനുമതി തേടി കൊണ്ടുള്ള വാട്ടർ അതോറിറ്റി അധികൃതരുടെ കത്ത് യോഗത്തിൽ ചർച്ചയ്ക്ക് കാരണമായി. നിലവിൽ പൊളിച്ചിട്ടിരിക്കുന്ന ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ ഉദയ പ്രൊവിൻസ് വരെയുള്ള റോഡ് പരിതാപകരമായ അവസ്ഥയിൽ ആണെന്നും തിങ്കളാഴ്ചയും അപകടങ്ങൾ ആവർത്തിച്ചുവെന്നും യുഡിഎഫ് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണികൾ നടത്താൻ ഉത്തരവാദിത്വപ്പെട്ട എജൻസികൾ തയ്യാറായില്ലെങ്കിൽ നഗരസഭ തന്നെ അപകടത്തിന് കാരണമാകുന്ന കുഴികൾ നികത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി അംഗം ടി കെ ഷാജു ആവശ്യപ്പെട്ടു. നിലവിൽ പൊളിച്ചിട്ടിരിക്കുന്ന റോഡ് പൂർണമായും അറ്റകുറ്റപ്പണികൾ നടത്താതെ മറ്റ് റോഡുകൾ പൊളിക്കാൻ അനുമതി നൽകരുതെന്ന് ഭരണകക്ഷി അംഗങ്ങളായ ജെയ്സൻ പാറേക്കാടൻ , എം ആർ ഷാജു എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ പദ്ധതിക്കായി അനുമതി നിഷേധിക്കുന്നത് ശരിയല്ലെന്നും റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ വന്ന തങ്ങളെ തടഞ്ഞുവെന്നാണ് കെഎസ്ടിപി അധികൃതർ വ്യക്തമാക്കിയതെന്ന് അഡ്വ കെ ആർ വിജയ പറഞ്ഞു. അറ്റകുറ്റപ്പണികൾ തടഞ്ഞതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബിജു പോളിന് തന്നെയാണെന്ന് പ്രതിപക്ഷ അംഗം സി സി ഷിബിൻ കുറ്റപ്പെടുത്തി. പണികൾ നടത്താൻ എത്തിയ തങ്ങളെ തടഞ്ഞതായി ഒരു പൊതുമരാമത്ത് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയതായി എൽഡിഎഫ് അംഗം ഷെല്ലി വിൽസനും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടവരെ കൊണ്ട് കുഴികൾ അടയ്ക്കാൻ നടപടികൾ സ്വീകരിക്കാമെന്ന ചെയർപേഴ്സന്റെ ഉറപ്പോടെയാണ് ചർച്ച അവസാനിച്ചത്.

ടൗൺ ഹാളിന് വേണ്ടി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എത്ര കോടികൾ ചിലവഴിച്ചിട്ടുണ്ടെന്ന് വാർഷിക പദ്ധതി ഭേദഗതി സംബന്ധിച്ച ചർച്ചയിൽ എൽഡിഎഫ് അംഗം കെ പ്രവീൺ ആവശ്യപ്പെട്ടു. ഹാളിലെ ബാത്ത്റൂമുകൾ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ഇക്കാര്യം അന്വേഷിച്ച് നടപടികൾ സ്വീകരിക്കാൻ ചെയർ പേഴ്സൺ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കഴിഞ്ഞ നഗരസഭാ യോഗത്തിൽ ഉണ്ടായ ഭരണ-പ്രതിപക്ഷ തർക്കം സമവായത്തിൽ എത്തിയത് മുൻ നഗരസഭ ചെയർപേഴ്സന്റെ ഇടപെടലിനെ തുടർന്നാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. മാധ്യമങ്ങളോട് പറയേണ്ട വിഷയങ്ങൾ യോഗത്തിൽ അല്ല പറയേണ്ടതെന്ന് അഡ്വ കെ ആർ വിജയ , ജെയ്സൻ പാറേക്കാടൻ എന്നിവർ പ്രതികരിച്ചു.

കേരഗ്രാമം പദ്ധതി 5, 29 വാർഡുകളിൽ നടപ്പിലാക്കാനും മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിന്റെ വാടക നിരക്കുകൾ കുറയ്ക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: