കുടിവെള്ളപദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി; നടപടി മന്ത്രിതലയോഗത്തിൽ ഉയർന്ന നിർദ്ദേശത്തെ തുടർന്ന് ; അറ്റകുറ്റപ്പണികൾ നീണ്ടാൽ ജല അതോറിറ്റി ഓഫീസ് സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പുമായി നഗരസഭ ഭരണ നേത്യത്വം …

കുടിവെള്ളപദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി; നടപടി മന്ത്രിതലയോഗത്തിൽ ഉയർന്ന നിർദ്ദേശത്തെ തുടർന്ന് ; അറ്റകുറ്റപ്പണികൾ നീണ്ടാൽ ജല അതോറിറ്റി ഓഫീസ് സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പുമായി നഗരസഭ ഭരണ നേത്യത്വം …

 

ഇരിങ്ങാലക്കുട : കുടിവെള്ള പദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാനുള്ള നടപടികൾ തുടങ്ങി. മുരിയാട് – വേളൂക്കര കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച നഗരസഭ പരിധിയിലെയും പഞ്ചായത്തുകളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികളാണ് മുൻഗണനാ ക്രമത്തിൽ ആരംഭിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച് കെഎസ്ടിപി , ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് അറ്റകുറ്റപ്പണികൾക്കുള്ള തുക ജല അതോറിറ്റി അധിക്യതർ കെട്ടിവച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ അപകടരമായ വിധത്തിൽ തകർന്ന് കിടന്നിരുന്ന റോഡിന്റെ അറ്റകുറ്റപ്പണികളാണ് ആരംഭിച്ചിരിക്കുന്നത് . റോഡിലെ ഗർത്തങ്ങളിൽ വീണുള്ള അപകടങ്ങൾ വർധിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ റോഡ് ഏറെ ചർച്ചയ്ക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് രൂക്ഷമായ വിമർശനങ്ങൾ ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. കുടിവെള്ള പദ്ധതിക്കായി പൊളിച്ചിടുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസുകൾ സ്തംഭിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , വൈസ് – ചെയർമാൻ ടി വി ചാർലി , മറ്റ് ഭരണകക്ഷി അംഗങ്ങൾ എന്നിവർ മുന്നറിയിപ്പ് നൽകിയിരുന്നു.

Please follow and like us: