34 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 14, 15, 16, 17 തീയ്യതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; 310 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 6091 വിദ്യാർഥികൾ …

34 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 14, 15, 16, 17 തീയ്യതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; 310 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 6091 വിദ്യാർഥികൾ …

ഇരിങ്ങാലക്കുട : 34-മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നവംബർ 14, 15, 16, 17 തീയതികളിലായി നടക്കുന്ന കലോൽസവം 14 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, എഇഒ ഡോ എം സി നിഷ, ജനറൽ കൺവീനർ ബി സജീവ് മാസ്റ്റർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പതിനൊന്ന് വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ 310 ഇനങ്ങളിലായി 6091 വിദ്യാർഥികൾ പങ്കെടുക്കും. 129 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആയിരത്തോളം വിദ്യാർഥികൾ കൂടുതലായി മേളയിൽ മൽസരിക്കുന്നുണ്ട്. ഉദ്ഘാടന ദിവസം തന്നെ കൂടിയാട്ട , പാഠക മൽസരങ്ങളും പ്രസംഗം, പദ്യോച്ചാരണം തുടങ്ങിയ ചില സ്റ്റേജ് ഇനങ്ങളും അരങ്ങേറും. മൽസരാർഥികൾ ഇല്ലാത്ത 31 ഇനങ്ങൾ ആണുള്ളത്. 17 ന് വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ സമ്മാനദാനം നിർവ്വഹിക്കും. വികസന സമിതി കൺവീനർ എൻ എൻ രാമൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബി ബിജു, പബ്ലിസിറ്റി കൺവീനർ ഡോ എസ് എൻ മഹേഷ്ബാബു, ജോയിന്റ് കൺവീനർ എ സി സുരേഷ്, മാനേജ്മെന്റ് പ്രതിനിധി എൻ എൻ നീലകണ്ഠൻ, പിടിഎ പ്രസിഡന്റ് എ എം ജോൺസൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: