താര് മരുഭൂമിയും പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താൽ സമ്പന്നം ; ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി …
ഇരിങ്ങാലക്കുട: രാജസ്ഥാനിലെ താര്‍മരുഭൂമിയും മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താല്‍ സമ്പന്നമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകര്‍. ഇന്ത്യയില്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രേറ്റ്ഇന്ത്യന്ബസ്റ്റാര്ഡ് എന്ന പക്ഷിയുടെ സംരക്ഷണത്തിനായി രാജസ്ഥാനിലുള്ള മരുഭൂമിവന്യജീവിസങ്കേതത്തില് നിന്നാണ് പാല്പിമാനിഡേ കുടുംബത്തില്‍ വരുന്ന പുതിയഇനം ചിലന്തിയെ കണ്ടെത്തിയത്. ഇന്ത്യയില്‍ വളരെകുറച്ച് പഠനങ്ങള്‍ മാത്രമാണ് ഈ ചിലന്തി കുടുംബത്തെ പറ്റി നടത്തിയിരിക്കുന്നത്. ഈ കുടുംബത്തില്‍വരുന്ന രണ്ടിനം ചിലന്തികളെ മാത്രമാണ് ഇന്ത്യയില്‍നിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയുടെ ദേശീയപക്ഷിയായി പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ ഡോ. സലിം അലി ആദ്യം നിര്‍ദ്ദേശിച്ചത് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് എന്ന ഇനം പക്ഷിയെയാണ്. പറക്കാന്‍ കഴിവുള്ള ഏറ്റവും വലിയ പക്ഷിയാണ് ഇവ. ഇന്ത്യയിലെ രാജസ്ഥാന് മരുഭൂമിയില്‍ മാത്രമാണ് വംശനാശ ഭീഷണി നേരിടുന്ന ഈ പക്ഷിയെ കാണുന്നത്. ഇവിടെ നിന്നും കണ്ടെത്തിയ പുതിയ ചിലന്തിക്ക് പാല്പിമാനസ് ഗോഡാവാന് എന്ന ശാസ്ത്രനാമമാണ് നല്‍കിയിരിക്കുന്നത്. തവിട്ടു നിറത്തിലുള്ള ഇവയുടെ ശരീരം കട്ടിയുള്ളപുറംതോടിനാല് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പരുപരുത്ത ഈ പുറംതോട് രോമാവ്രതവുമാണ്. ഉദരഭാഗത്തെ അപേക്ഷിച്ച് ശിരസ്സ് കൂടുതല്‍ ഇരുണ്ടതാണ്. ബലമേറിയ കാലുകളുള്ള ഇവ പാറകള്‍ക്കും മറ്റും അടിയിലാണ് താമസിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലെ വടക്കന്‍ ഭാഗത്ത് കാണുന്ന മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗ്ഗ് മലനിരകളില്‍നിന്നാണ് മറ്റൊരിനം പുതിയചിലന്തിയെ കണ്ടെത്തിയിരിക്കുന്നത്. ചാട്ടചിലന്തി കുടുംബത്തില്‍വരുന്ന ഇവ സ്പര്ബാംബസ് എന്ന ജനുസില്‍ പെടുന്നതാണ്. ഈ ജനുസില്‍ പെടുന്ന ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും കണ്ടെത്തുന്നത്. ആണ് ചിലന്തിയുടെ കറുത്ത നിറമുള്ള ശിരസ്സില്‍ വെളുത്ത പാടുകള്‍ കാണാം. ഉദരഭാഗം തവിട്ടു നിറത്തിലുള്ളതാണ്. തവിട്ടു നിറത്തിലുള്ള ശരീരത്തോടു കൂടിയ പെണ് ചിലന്തിയെ മരകമ്പിലും മറ്റും ഇരുന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഏകദേശം എട്ട് മില്ലിമീറ്റര്‍ നീളമുള്ള ഇവയുടെ ശരീരം വളരെ പരന്നതാണ്. ഈ പുതിയ ചിലന്തിയെ കണ്ടെത്തിയസ്ഥലത്തെ സൂചിപ്പിക്കാനായി സ്പര്ബാംബസ് സിന്ദുദുര്‍ഗ്ഗ് എന്ന ശാസ്ത്ര നാമമാണ് ഇതിനു നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ ഗവേഷണവിദ്യാര്‍ത്ഥികളായ ഋഷികേശ് ത്രിപാഠി, നിഖില്‍ കുനി, ഗൗതം കദം എന്നിവര്‍ പങ്കാളികളായി. ഈ കണ്ടെത്തലുകള്‍ അന്താരാഷട്ര ശാസ്ത്രമാസികകളായ യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ടാക്സോണമി, സൂടാക്സ എന്നിവയുടെ അവസാനലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശിയ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനങ്ങള്‍ നടത്തിയത്.