ജലസേചനത്തിന് ഓട്ടോമേറ്റഡ് സൗരോർജ്ജ സംവിധാനവുമായി ഇടുക്കി രാജകുമാരി സ്കൂളിലെ വിദ്യാർഥികൾ ; സംവിധാനത്തിന് വഴിയൊരുക്കിയത് സ്കൂളിലെ തന്നെ കൃഷിയിടത്തിലേക്ക് കുറഞ്ഞ ചിലവിൽ ജലം എത്തിക്കാനുള്ള ആലോചനകൾ …
ഇരിങ്ങാലക്കുട : സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലസേചനനിയന്ത്രണ സംവിധാനവുമായി ഇടുക്കി രാജകുമാരി ജിവിഎച്ച്എസ്എസ് ലെ വിദ്യാർത്ഥികൾ . 13 -മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നടന്ന വൊക്കേഷണൽ എക്സ്പോയിൽ ജലസേചന സംവിധാനം ശ്രദ്ധ നേടി. സ്കൂളിലെ തന്നെ പച്ചക്കറി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനുള്ള അന്വേഷണങ്ങളാണ് വിദ്യാർഥികളായ ശ്രീഹരിയെയും അഭിനന്ദിനെയും ഓട്ടോമേറ്റഡ് സൗരോർജ്ജ ജലസേചന നിയന്ത്രണ സംവിധാനത്തിലേക്ക് നയിച്ചത്. വാട്ടർ ടാങ്കും സോളാർ പാനലും ബാറ്ററിയും പൈപ്പും സെൻസറും എമിറ്ററുമാണ് സംവിധാനത്തിൽ ഉള്ളത്. ഒരു സെന്റിൽ , 125 ഗ്രോ ബാഗുകളിലായിട്ടുള്ള പച്ചക്കറി കൃഷിയിടത്തിൽ വെള്ളം എത്തിക്കാൻ ഈ സംവിധാനം ധാരാളം. വൈദ്യുതിയുടെ ആവശ്യമില്ല. സോളാറിൽ നിന്നുള്ള ഊർജ്ജമില്ലെങ്കിൽ തന്നെ 12 വോൾട്ട് ഉള്ള ബാറ്ററിയിൽ 20 മണിക്കൂർ വരെ പ്രവർത്തിക്കാം. ടാങ്കിലെ വെള്ളത്തിൽ വളം ചേർത്താൽ വളപ്രയോഗവും നടത്താം. കൃഷിയിടത്തിൽ വെള്ളം എത്തിക്കാൻ ആരെയും ആശ്രയിക്കേണ്ട എന്ന് ചുരുക്കം. പുതിയ സംവിധാനത്തിന്റെ പ്രാഥമിക പരീക്ഷണം സ്കൂളിലെ തന്നെ കൃഷിയിടത്തിൽ നടത്തിക്കഴിഞ്ഞതായും വിദ്യാർത്ഥികൾ അറിയിച്ചു.