തൃശ്ശൂർ റവന്യൂ ജില്ല 13-മത് സ്കൂൾ ശാസ്ത്രോൽസവം ;പനങ്ങാട് എച്ച്എസ്എസും കൊടുങ്ങല്ലൂർ ഉപജില്ലയും ജേതാക്കൾ ..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന 13-മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിൽ സ്കൂൾ വിഭാഗത്തിൽ പനങ്ങാട് എച്ച്എസ്എസും ഉപജില്ലകളിൽ കൊടുങ്ങല്ലൂർ ഉപജില്ലയും ജേതാക്കൾ . 346 പോയിന്റ് നേടിയാണ് പനങ്ങാട് സ്കൂളിന്റെ നേട്ടം. ചെന്ത്രാപ്പിന്നി എച്ച് എസ് 284 ഉം മമ്മിയൂർ എൽഎഫ്സി ജി എച്ച്എസ്എസ് 258 പോയിന്റും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
1234 പോയിന്റ് നേടിയാണ് കൊടുങ്ങല്ലൂർ ഉപജില്ല കിരീടം ചൂടിയത്. 1144 പോയിന്റ് നേടി തൃശ്ശൂർ ഈസ്റ്റും 1103 പോയിന്റ് നേടി ആതിഥേരായ ഇരിങ്ങാലക്കുടയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വൊക്കേഷണൽ എക്സ്പോയിൽ വിവിധ കാറ്റഗറികളിലായി നടന്ന മൽസരങ്ങളിൽ തട്ടക്കുഴ ജിവിഎച്ച്എസ്എസ്, തളിക്കുളം ജിവിഎച്ച്എസ്എസ്, തൊടുപുഴ ജി വി എച്ച്എസ്എസ്,കടപ്പുറം ജിവിഎച്ച്എസ് എസ് ,വന്നപുരം എസ് എൻ എം വി സ്കൂൾ , അടിമാലി എസ് എൻ ഡി പി സ്കൂൾ ,പുതുക്കാട് ജിവിഎച്ച്എസ്എസ് , ഇരിങ്ങാലക്കുട ജിവിഎച്ച്എസ്എസ്, നടവരമ്പ് ജിഎംവിഎച്ച്എസ്എസ്, കുന്നംകുളം ജിവിഎച്ച്എസ്എസ്, കയ്പമംഗലം ജിവിഎച്ച്എസ്എസ്, ശാന്തിപുരം എംഎആർഎം വിഎച്ച്എസ്എസ് എന്നിവർ വിജയികളായി.
ഗേൾസ് സ്കൂളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് – പ്രസിഡണ്ട് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ സമ്മാനദാനം നിർവഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജെയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർ അഡ്വ കെ ആർ വിജയ , വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി ഷാജിമോൻ , എഇഒ എം സി നിഷ , കൺവീനർമാരായ പ്രശാന്ത് പി ആർ , പി വി ജോൺസൻ , ബൈജു ആന്റണി എന്നിവർ സംസാരിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ ബി സജീവ് സ്വാഗതവും ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ നന്ദിയും പറഞ്ഞു.