ഷഷ്ഠി പൂർത്തിയുടെ ധന്യനിമിഷങ്ങളിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ; ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 10ന് യുജിസി ചെയർമാൻ ഉദ്ഘാടനം ചെയ്യും ..

ഷഷ്ഠി പൂർത്തിയുടെ ധന്യനിമിഷങ്ങളിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ; ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 10ന് യുജിസി ചെയർമാൻ ഉദ്ഘാടനം ചെയ്യും ..

 

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ 10 ന് ആരംഭിക്കും. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫസര്‍ എം. ജഗദേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് സിഎച്ച്എഫ് അധ്യക്ഷത വഹിക്കും. രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണവും ഹോളി ഫാമിലി സുപ്പീരിയര്‍ ജനറല്‍ ഡോ. സിസ്റ്റര്‍ ആനി കുര്യാക്കോസ് സിഎച്ച്എഫ് ആമുഖപ്രഭാഷണവും നടത്തും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, അലൂമ്‌ന പ്രസിഡന്റ് ടെസി റോയ് വര്‍ഗീസ്, പിടിഡബ്ലിയുഎ പ്രസിഡന്റ് ഡേവിസ് ഊക്കന്‍, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി സിഎച്ച്എഫ്, ജനറല്‍ കണ്‍വീനര്‍ അഞ്ചു സൂസന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. രാവിലെ 10 ന് വിവിധ കലാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുമായും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായും അദ്ദേഹം സംവദിക്കും. കലാലയത്തില്‍ സജ്ജീകരിച്ചിട്ടുള്ള അമര്‍ജവാന്‍ സ്മാരകത്തില്‍ അദ്ദേഹം പുഷ്പചക്രം സമര്‍പ്പിക്കും. സെന്റ് ജോസഫ്‌സ് കോളജിലെ പരിപാടിക്ക് ശേഷം കല്ലേറ്റുംകരയിലെ സംഗമ ഗ്രാമമാധവന്‍ എന്ന ഗണിതകാരന്റെ ഭവനം അദ്ദേഹം സന്ദര്‍ശിക്കും. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഡല്‍ഹിയില്‍ നടന്ന ഒരു പ്രദര്‍ശനത്തില്‍ സെന്റ് ജോസഫ്സിന്റെ പുരാരേഖ ഗവേഷണ കേന്ദ്രത്തിന്റെ സ്റ്റാള്‍ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. സംഗമഗ്രാമ മാധവന്‍ എന്ന പ്രതിഭയെ കുറിച്ച് കലാലയത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്ക് യുജിസിയുടെ സവിശേഷ ശ്രദ്ധ നല്‍കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു. അതിന്റെ ഭാഗമായി കൂടി ഈ ചരിത്രപ്രസക്തമായ സ്ഥലവും പരിസരങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ജൂബിലിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കലാലയത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ അഞ്ചു സൂസന്‍ ജോര്‍ജ്, കായിക വിഭാഗം മേധാവി സ്റ്റാലിന്‍ റാഫേല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ലിറ്റി ചാക്കോ, യൂണിയന്‍ ജനറല്‍ സെക്രട്ടറി സാബി ബൈജു, പബ്ലിസിറ്റി കണ്‍വീനര്‍ സിസ്റ്റര്‍ ജെയിന്‍ മരിയ, എബിന്‍ വെള്ളാനിക്കാരന്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: