ബസില്‍ നിന്ന് തെറിച്ചുവീണ് ഇരിഞ ങ്ങാലക്കുട സ്വദേശിനിയായ വയോധികക്ക് പരിക്ക് ബസിന്റെ വാതില്‍ തുറന്നിട്ട നിലയില്‍,  രണ്ടാഴ്ച മുമ്പ് യുവാവ് മരിക്കാനിടയായിടത്ത് വീണ്ടും അപകടം …

ബസില്‍ നിന്ന് തെറിച്ചുവീണ് ഇരിഞ

ങ്ങാലക്കുട സ്വദേശിനിയായ വയോധികക്ക് പരിക്ക്

ബസിന്റെ വാതില്‍ തുറന്നിട്ട നിലയില്‍,

രണ്ടാഴ്ച മുമ്പ് യുവാവ് മരിക്കാനിടയായിടത്ത് വീണ്ടും അപകടം …

 

ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് വയോധികക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് കനാല്‍ബേയ്‌സിനു സമീപം പുളിയത്തു വീട്ടില്‍ അലില്‍സണ്‍ ഭാര്യ റോസിലി (60) ക്കാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെ മാർക്കറ്റ് റോഡിൽ ഇരട്ട കപ്പേളക്കു സമീപമുള്ള വളവിലാണ് അപകടം സംഭവിച്ചത്. മാള-തൃശൂര്‍ റൂട്ടിലോടുന്ന ശിവം എന്ന സ്വകാര്യ ബസില്‍ നിന്നാണ് വയോധിക തെറിച്ചുവീണത്. അമിത വേഗതയിലായിരുന്ന ബസിന്റെ ഡോറുകള്‍ തുറന്നിട്ട നിലയിലായിരുന്നു. ഇതാണ് ബസില്‍ നിന്നും വയോധിക തെറിച്ചുവീഴുവാന്‍ കാരണമായതെന്ന് യാത്രക്കാര്‍ പറയുന്നു. റോസിലി തെറിച്ചു വീണ ഉടനെ മറ്റു യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തുകയായിരുന്നു. അല്ലെങ്കില്‍ ബസിന്റെ പിന്‍ ചക്രം കയറി വലിയൊരു അപകടം സംഭവിക്കുമായിരുന്നു. റോസിലിയെ ബസ് ജീവനക്കാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. റോസിലിയുടെ തലക്കും കൈക്കും നട്ടെല്ലിനുമാണ് പരിക്കു പറ്റിയിരിക്കുന്നത്. തലയില്‍ ഒമ്പത് തുന്നലുകളുണ്ട്. കൈ ഒടിഞ്ഞിട്ടുണ്ട്. നട്ടെല്ലിനു ചിന്നലും സംഭവിച്ചിട്ടുണ്ട്. പുല്ലൂര്‍ ആശുപത്രില്‍ ചികിത്സയിലിരുന്ന ഭര്‍ത്താവ് അലില്‍സന് മരുന്നു വാങ്ങിക്കുവാന്‍ ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്നു റോസിലി. അപകടം സംഭവിച്ചയുടനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയിലേക്ക് റോസിലിയെ മാറ്റിയിട്ടുണ്ട്. മക്കളില്ലാത്ത ഇവര്‍ക്ക് അലിന്‍സന്റെ തയ്യല്‍ തൊഴിലായിരുന്നു ഏക ഉപജീവന മാര്‍ഗം. ബന്ധുക്കളാണ് ആശുപത്രിയില്‍ ഇവരെ പരിചരിക്കുന്നത്.

Please follow and like us: