റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായും പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം; ഇരിങ്ങാലക്കുടയിൽ ഹാൾട്ടുള്ള തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് …

റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായും പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം; ഇരിങ്ങാലക്കുടയിൽ ഹാൾട്ടുള്ള തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് …

 

ഇരിങ്ങാലക്കുട : വിവിധ പദ്ധതികളുടെ പേരിൽ പൊളിച്ചിട്ടിരിക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. അറ്റകുറ്റപ്പണികൾ ഭാഗികമായി മാത്രമേ നടന്നിട്ടുള്ളൂവെന്നും കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകളിൽ പൈപ്പുകൾ ഇടുന്ന പ്രവ്യത്തി പൂർത്തീകരിച്ച സാഹചര്യത്തിൽ ഉടൻ തന്നെ റോഡ് പൂർണ്ണമായും സഞ്ചാരയോഗ്യമാക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. മഴ മാറാതെ ടാറിംഗ് പണികൾ ആരംഭിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം സംബന്ധിച്ച് വിശദീകരണം നൽകേണ്ട കെഎസ്ടിപി ഉദ്യോഗസ്ഥൻ യോഗത്തിൽ എത്താതിരുന്നതും വിമർശനമായി കാരണമായി. ഇത് സംബന്ധിച്ച് നോട്ടീസ് അയക്കണമെന്നും വിഷയം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരണമെന്നും ചെയർ പേഴ്സൺ ആവശ്യപ്പെട്ടു.

ത്യപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്താത്ത വിഷയത്തിൽ നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വികസന സമിതി വർഷങ്ങളായി ചർച്ച ചെയ്ത വിഷയമാണിത്. ഇരിങ്ങാലക്കുടയിൽ ആറ് മിനിറ്റെങ്കിലും ഹാൾട്ടുള്ള ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തമെന്ന ആർടിഎ തീരുമാനപ്രകാരം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെന്നും പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പോട്ട – മൂന്നുപീടിക റോഡിൽ റോഡിന്റെ ഇരുവശത്തും വളർന്ന് പന്തലിച്ചിരിക്കുന്ന പുല്ല് വെട്ടുന്ന നടപടികൾ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സമിതി അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമ്പോൾ രോഗികൾക്കും വ്യദ്ധർക്കും മുൻഗണന നൽകണമന്ന് യോഗം ആവശ്യപ്പെട്ടു. സബ്സിഡി ഉള്ള ഉൽപ്പന്നങ്ങൾ സപ്ലൈകോയുടെ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ്- ചെയർമാൻ ടി വി ചാർലി, ചാലക്കുടി എംപി യുടെ പ്രതിനിധി മുർഷിദുൽ ജന്നത്ത് ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആന്റോ പെരുമ്പിള്ളി, ടി കെ വർഗ്ഗീസ് , വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ ടി ജി ശശിധരൻ സ്വാഗതം പറഞ്ഞു.

Please follow and like us: