മാലിന്യശേഖരണത്തില്‍ മുന്നേറ്റം കുറിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിതകര്‍മ്മസേന; മാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭ പരിധിയിലെ 16800 വീടുകളിൽ നിന്ന് …

മാലിന്യശേഖരണത്തില്‍ മുന്നേറ്റം കുറിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിതകര്‍മ്മസേന; മാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭ പരിധിയിലെ 16800 വീടുകളിൽ നിന്ന് …

 

ഇരിങ്ങാലക്കുട: മാലിന്യശേഖരണത്തില്‍ മുന്നേറ്റം കുറിച്ച് നഗരസഭയിലെ ഹരിതകര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികാഘോഷം. 66 വനിതാ അംഗങ്ങളാണ് മാലിന്യനീക്കത്തിന് നഗരസഭയിലെ ഹരിതകര്‍മ്മ സേനയില്‍ അംഗങ്ങളായുള്ളത്. 49 പേര്‍ വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യം ശേഖരിക്കുബോള്‍ മറ്റു 17 പേര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ അജൈവ മാലിന്യങ്ങള്‍ തിരിക്കുന്ന ജോലികളിലാണ്. 2018 നവംബര്‍ ഒന്നിനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭ പ്രദേശത്തെ 18000 വീടുകളില്‍ അടഞ്ഞു കിടക്കുന്ന 1200 വീടുകള്‍ ഒഴിവാക്കിയാല്‍ 16800 വീടുകളില്‍ നിന്നുമാണ് ഇവര്‍ മാസത്തിലൊരിക്കല്‍ 60 രൂപ നിരക്കില്‍ മാലിന്യം ശേഖരിക്കുന്നത്. നഗരസഭയിലെ 2750 സ്ഥാപനങ്ങളില്‍ 800 സ്ഥാപനങ്ങളില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ മാലിന്യ ശേഖരണം നടത്തുന്നുണ്ട്. തരം തിരിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളക്ക് കൈമാറും. ശരാശരി ഒരു മാസം 50 ടണ്‍ മാലിന്യം ക്ലീന്‍ കേരളക്ക് കൈമാറുന്നുണ്ട്. കഴിഞ്ഞ മാസം മാലിന്യശേഖരണത്തിലൂടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി നാലുലക്ഷത്തി അറുപതിനായിരം രൂപയാണ് ഹരിതകര്‍മ്മ സേനക്ക് ലഭിച്ചത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വെച്ച് നടന്ന വാര്‍ഷികാഘോഷപരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.വി.ചാര്‍ളി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സി.ഷിബിന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍ പി.ടി.ജോര്‍ജ്ജ്, കുടുംബശ്രീ സിഡിഎസ്. ചെയര്‍പേഴ്‌സണ്‍മാരായ പുഷ്പലത പി.കെ, ഷൈലജ ബാലന്‍, നഗരസഭ

സെക്രട്ടറി എം.എച്ച് ഷാജിക്, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് സുകുമാരി ശ്രീനിവാസന്‍, എന്നിവര്‍ സംസാരിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍(ഇന്‍ ചാര്‍ജ്ജ് )കെ.ജെ.അനില്‍ നന്ദിയും പറഞ്ഞു. തുടർന്ന് ഹരിതകര്‍മ്മസേനാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Please follow and like us: