കരുവന്നൂരിൽ നിന്നും കളക്ടറേറ്റിലേക്ക് ; നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ പ്രതിഷേധനടത്തം തുടങ്ങി; നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള പ്രതിഷേധം കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്നും ബാങ്കിൽ പണം നിക്ഷേപിക്കാൻ ആളുകൾ വരി നില്ക്കുകയാണെന്ന പാർട്ടി നേതാക്കളുടെ വാദം പ്രഹസനമെന്നും ജോഷി …
ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മാപ്രാണം വടക്കേത്തല ജോഷിയുടെ പ്രതിഷേധ നടത്തം തുടങ്ങി. എൺപത് ലക്ഷത്തോളം രൂപ തിരികെ നൽകാനുളള കരുവന്നൂർ ബാങ്കിന്റെ മുന്നിൽ നിന്നും ജില്ലാ ഭരണ കേന്ദ്രമായ കളക്ട്രറേറ്റിലേക്കാണ് ഒറ്റയ്ക്ക് രാവിലെ എഴരയോടെ ജോഷി പദയാത്ര ആരംഭിച്ചിരിക്കുന്നത്. ബാങ്കിൽ പണം നിക്ഷേപിക്കാൻ ആളുകൾ ക്യൂ നില്ക്കുകയാണെന്ന വ്യാജ പ്രചരണത്തിനുള്ള പ്രതിഷേധം രേഖപ്പെടുത്താൻ കൂടിയാണ് തന്റെ നടത്തമെന്നും ബോധവും സംസ്കാരവും വിദ്യാഭ്യാസവും ഉള്ള ആരും ഇങ്ങനെ പറയില്ലെന്നും ജോഷി മാധ്യമങ്ങളോട് പറഞ്ഞു. പഠനക്കാലത്ത് എസ്എഫ്ഐ , ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു ജോഷി. കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്ന ജോഷി അപകടത്തെ തുടർന്ന് എട്ട് വർഷം കിടപ്പിലായിരുന്നു. ട്യൂമർ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുമായിരുന്നു. തന്റെയും ബന്ധുക്കളുടെയും പേരിലാണ് വിവിധ സമയങ്ങളിലായി എൺപത് ലക്ഷത്തോളം രൂപ നിക്ഷേപിച്ചത്. നിക്ഷേപതുക തിരിച്ച് കിട്ടാത്തത് മൂലം കരാർ പണികൾ ഏറ്റെടുക്കാൻ കഴിയുന്നില്ലെന്ന് ജോഷി പറയുന്നു. പതിമൂന്ന് വർഷം മുമ്പ് നിർമ്മിച്ച വീട് ഇപ്പോൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. കേസിന് പോയാൽ പണം തിരിച്ച് നൽകില്ലെന്ന് പാർട്ടി നേതാക്കൾ നിക്ഷേപകരുടെ വീടുകളിൽ കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണെന്നും ജോഷി ആരോപിച്ചു. ജോഷിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ടി എൻ പ്രതാപൻ എം പി, മുൻ എംഎൽഎ അനിൽ അക്കര, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാർ ,നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , ഡിസിസി പ്രസിഡന്റ് ആന്റോ പെരുമ്പിള്ളി, മണ്ഡലം കോൺഗ്രസ്സ് നേതാക്കളായ ഷാറ്റോ കുരിയൻ, ബൈജു കുറ്റിക്കാടൻ, കെ സി ജയിംസ്, അഡ്വ ജോസ് മൂഞ്ഞേലി, നഗരസഭ കൗൺസിലർമാരായ എം ആർ ഷാജു , അജിത്ത് കുമാർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. എംപി യുടെ നേത്യത്വത്തിൽ ഊരകം വരെ യാത്രയെ ഇവർ അനുഗമിച്ചു.