നീഡ്സിന്റെ മഹാത്മാ പാദമുദ്ര @ 90;
മതേതര രാഷ്ട്രമായതിനു ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഗാന്ധിജിയോടെന്ന് സുനിൽ പി.ഇളയിടം …
ഇരിങ്ങലക്കുട: നാനാജാതി മതസ്ഥർ ഒരുമിച്ചു പാർക്കുന്ന ഇന്ത്യ മതേതര രാഷ്ട്രമായി നിലനിർത്തിയതിന് നാം മഹാത്മാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടം. ഗാന്ധി ദർശനത്തിന്റെ കാലാതീതമായ പ്രസക്തി എന്ന വിഷയത്തിൽ നീഡ്‌സ് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മക്കായി സ്വയം തിരുത്തലിനു തയ്യാറായ ഗാന്ധിജി ഈ കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയാണ്. രാഷ്ട്രീയത്തിൽ മതം ഉൾപെടുന്നതിനെ ആദ്യകാലങ്ങളിൽ അനുകൂലിച്ച അദ്ദേഹം പിന്നീട് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കി തന്റെ അഭിപ്രായത്തിൽ നിന്നും പിന്തിരിയുകയായിരുന്നു.ഏതു പ്രതിസന്ധിഘട്ടത്തിലും സത്യസന്ധതയും ധൈര്യവും കൈവിടാതെ സൂക്ഷിച്ച വ്യക്തിയായിരുന്നു ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ടുമാരായ എസ്.ശ്രീകുമാർ, പ്രൊഫ. ആർ. ജയറാം, ബോബി ജോസ്, കെ.പി.ദേവദാസ്, എ.ആർ.ആശാലത, എം.എൻ.തമ്പാൻ, എൻ.എ.ഗുലാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് നീഡ്‌സ് നടത്തിവരുന്ന മഹാത്മാ പാദമുദ്ര @ 90 എന്ന പരിപാടിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.