കിഴുത്താണിയിൽ വീടിനോട് ചേർന്നുള്ള അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വിറകുകള്‍ അടക്കിവെച്ചിരുന്ന ഷെഡ് കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം …
ഇരിങ്ങാലക്കുട: വീടിനോട് ചേര്‍ന്നുള്ള അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വിറകുകള്‍ അടക്കിവെച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ന്നു. കട്ടിലും കിടയ്ക്കയും കത്തിനശിച്ചു. കിഴുത്താണി ചുങ്കം പണ്ടാരപറമ്പില്‍ കൃഷ്ണകുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിനാണ് തീ പിടിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഈ സമയത്ത് വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അയല്‍വാസി വിവരം അറിയിച്ചതിനെ തുടര്‍ന്നു അഗ്‌നിരക്ഷാസേനയുടെ സംയോജിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. വീടിനു പുറകിലെ അടുപ്പില്‍ നിന്നും പടര്‍ന്ന തീ സ്റ്റോര്‍ റൂമിലെ കര്‍ട്ടനിലേക്ക് പടര്‍ന്ന് സ്റ്റോറൂമിലെ വാതില്‍, അലമാര, മേല്‍ കൂരയായ ഫൈബര്‍ ഷീറ്റ് , എട്ടോളം ജനല്‍ പാളി എന്നിവ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ വസ്ത്രങ്ങള്‍ എന്നിവയും കത്തിനശിച്ചിരുന്നു. വിവരം അറിഞ്ഞയുടനെ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തി വാതില്‍ തള്ളിത്തുറന്നാണ് തീ കെടുത്തിയത്. കത്തി നശിച്ച മുറിയുടെ തൊട്ടടുത്തായി ഗ്യാസ് സിലിണ്ടര്‍, ഫ്രിഡ്ജ് എന്നിവയുണ്ടായിരുന്നു. തക്ക സമയത്ത് തീ അണക്കാന്‍ സാധിച്ചതിനാല്‍ സിലിണ്ടറില്‍ തീ പടര്‍ന്നുള്ള വലിയ അപകടം ഒഴിവായി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവില യുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുബ്രഹ്മണ്യന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മെക്കാനിക് മോഹനന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബൈജു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുമേഷ്, പ്രദീപ്, സതീഷ് അരുണ്‍രാജ്, ഡ്രൈവര്‍മാരായ സന്ദീപ്, ഷിജോര്‍ എന്നിവരും തീയണക്കുന്നതിനായി അഗ്‌നിരക്ഷാസേനയുടെ സംഘത്തിലുണ്ടായിരുന്നു.