വെള്ളാങ്ങല്ലൂർ ബ്ലാക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിസാൻ മേള;
കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുന്നത് സർക്കാരിന്റെ ലക്ഷ്യമെന്ന് ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുട : കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബ്ലോക്ക്തല കിസാൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷിക സുരക്ഷ, കർഷകക്ഷേമം എന്നിവ ഉറപ്പാക്കാനും കാർഷിക മേഖലയ്ക്ക് ഉത്പാദന മേഖല എന്ന നിലയിൽ ഒന്നാമത് പരിഗണന നൽകാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷത്തെ മികച്ച സംസ്ഥാന യുവകർഷകനായി തിരഞ്ഞെടുത്ത ശ്യാം മോഹൻ, ദേശീയ ജൈവ വൈവിധ്യ പുരസ്കാരത്തിന് അർഹനായ വിനോദ് ഇടവന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഉദ്ഘാടനത്തിനുശേഷം കാർഷിക സെമിനാർ ,കർഷകരുടെ തനതായ ഉൽപ്പന്നങ്ങളുടെയും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള നടീൽ വസ്തുക്കളുടെയും പ്രദർശനവും വിൽപ്പനയും എന്നിവ കിസാൻ മേളയുടെ ഭാഗമായി നടന്നു.
കല്ലംന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ നിംബ ഫ്രാങ്കോ , വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം കെ സ്മിത, വേളൂക്കര കൃഷിഭവൻ കൃഷി ഓഫീസർ റുബീന, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.