പട്ടണത്തിലെ റോഡുകളുടെ ദുരവസ്ഥ ; പ്രതിഷേധസൂചകമായി ഇരിങ്ങാലക്കുടയാൻ – 1
വിക്ഷേപിച്ച് നാട്ടുകാർ ….
ഇരിങ്ങാലക്കുട : ചന്ദ്രോപരിതല സമാനമായ ഗർത്തങ്ങൾ നിറഞ്ഞ തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച്, ഉത്തരവാദിത്തപ്പെട്ടവരെ ചന്ദ്രനിൽ ഇറക്കുന്നതിന്റെ പരിശീലന വിക്ഷേപണം നടത്തി ഇരിങ്ങാലക്കുടക്കാർ.
റോഡുകളുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് ഒരു ജനകീയ സമരം നടത്തി മൂന്നാഴ്ച്ച കഴിഞ്ഞിട്ടും യഥാവിധി അറ്റകുറ്റപ്പണികൾ നടത്താൻ ബന്ധപ്പെട്ടവരാരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു “നമ്മുടെ ഇരിങ്ങാലക്കുട” കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ ഇരിങ്ങാലക്കുടയാൻ – 1 വിക്ഷേപണം.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ബൈക്ക് യാത്രക്കാരൻ വീണു മരിച്ച റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചത് നാട്ടുകാരും, നഗരസഭയിലെ പ്രതിപക്ഷവുമാണ്. തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ ഏതാനും കുഴികൾ താൽക്കാലികമായി അടയ്ക്കാൻ കെ എസ് ടി പിയും തയ്യാറായി. പക്ഷേ എവിടേയും ശാശ്വതമായ ഒരു പരിഹാരമായിട്ടില്ല. യാത്രക്കാർ ഇപ്പോഴും ദുരിതത്തിൽ തന്നെയാണ്. പ്രതീകാത്മകമായി എം എൽ എ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, എം പി, കെ എസ് ടി പി, കെ ഡബ്ലു എ, പി ഡബ്ലു ഡി എന്നിവരെയാണ് റോക്കറ്റിൽ കയറ്റി ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ചത്. അനിൽ മേനത്ത്, വിജിത്ത്, മിനി ജോസ്, മനോജ് കെ, ഷബീർ, ജീസ് ലാസർ, ശിവജി കാട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒട്ടേറെ പേർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.