വാഹനാപകടവിവാദം; അനുവാദമില്ലാതെ തന്റെ ശബ്ദം പ്രചരിപ്പിച്ച സാമൂഹ്യ മാധ്യമ പ്രവർത്തകനെതിരെ സൈബർ സെല്ലിൽ പരാതിയുമായി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ; മാനനഷ്ടക്കേസിനുള്ള നടപടികളിലേക്കും എന്ന് സൂചന …

വാഹനാപകടവിവാദം; സമ്മതമില്ലാതെ ശബ്ദം പ്രചരിപ്പിച്ച സാമൂഹ്യ മാധ്യമ പ്രവർത്തകനെതിരെ സൈബർ സെല്ലിൽ പരാതിയുമായി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ; മാനനഷ്ടക്കേസിനുള്ള നടപടികളിലേക്കും എന്ന് സൂചന …

ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തന്റെ ശബ്ദം പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ പ്രവർത്തകനെതിരെ സൈബർ സെല്ലിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പരാതി നൽകി. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച പ്രാഥമിക അറിവുകളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് വാർത്ത നൽകിയ ഓൺലൈൻ മാധ്യമ പ്രവർത്തകനെ നിജസ്ഥിതി അറിയുന്നതിന്റെ ഭാഗമായി സൗഹാർദ്ദപരമായി താൻ വിളിക്കുകയായിരുന്നുവെന്നും വാർത്ത നൽകുന്നതിന് വേണ്ടിയല്ല വിളിച്ചതെന്നും എന്നാൽ തന്റെ സമ്മതമില്ലാതെ എഡിറ്റ് ചെയ്തും അല്ലാതെയും സമൂഹത്തിൽ മതസ്പർധ സൃഷ്ടിക്കുന്ന തലത്തിൽ പ്രചരിപ്പിക്കുകയായിരുവെന്നും ഇത് ജനങ്ങൾക്ക് ഇടയിലുള്ള തന്റെ വിശ്വാസ്യതക്ക് കളങ്കമേല്പിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഓൺലൈൻ പ്രവർത്തകന്റെ പക്കൽ നിന്നും ഇത് പ്രചരിപ്പിക്കാൻ ഉപയോഗിച്ച് സാങ്കേതിക ഉപകരണങ്ങൾ തിരിച്ച് പിടിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാനും നഗരസഭ ചെയർപേഴ്സൺ തയ്യാറെടുക്കുന്നതായിട്ടാണ് സൂചന.

വാഹനാപകടത്തെയും മരണത്തെയും തുടർന്നുണ്ടായ വിവാദങ്ങൾ നഗരസഭ ഭരണത്തിനും പാർട്ടിക്കും സഹകരണ ആശുപത്രിക്കും ദോഷം എല്പിച്ചുവെന്ന വിലയിരുത്തലാണ് യുഡിഎഫ് പാർലമെന്ററി പാർട്ടിക്കും ഉള്ളത്. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നീണ്ട് പോയതിന്റെ പേരിൽ യുഡിഎഫ് കയ്യാളുന്ന പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയും പ്രതിരോധത്തിൽ ആയതായി ഭരണകക്ഷി അംഗങ്ങൾ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കരുവന്നൂർ സർവീസ് ബാങ്ക് അടക്കമുള്ള വിഷയങ്ങളുടെ പേരിലുള്ള തുടർച്ചയായ സമരങ്ങളിലൂടെ നേടിയെടുത്ത മേൽക്കോയ്മയ്ക്ക് ക്ഷീണം എല്പിക്കുന്നതായി വാഹനാപകടത്തെ തുടർന്നുളള വിവാദങ്ങൾ എന്ന തോന്നൽ കോൺഗ്രസ്സ് പ്രവർത്തകരിലും ഉടലെടുത്തിട്ടുണ്ട്.

Please follow and like us: