വാഹനാപകടത്തിൽ യുവാവിന്റെ മരണം; പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ; സംഭവത്തെ ചൊല്ലി നഗരസഭായോഗത്തിൽ ബഹളം; പട്ടണത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി അടിയന്തരനടപടികളായി …
ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നഗരസഭ ചെയർപേഴ്സൺ. സംഭവത്തിൽ അതിയായ ദുഖമുണ്ടെന്നും മരണമടഞ്ഞ കുടുംബത്തോടൊപ്പം നില്ക്കുകയാണെന്നും വിഷയത്തിൽ വാർഡ് കൗൺസിലർ മേരിക്കുട്ടി ജോയിയിൽ നിന്നും യുവാവിന്റെ ബന്ധുക്കൾ അടക്കമുള്ളവരിൽ നിന്നും ലഭിച്ച പ്രാഥമികമായ അറിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചതെന്നും സംഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും വികാരാധീനയായി ഇരിങ്ങാലക്കുട നഗരസഭായോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പറഞ്ഞു. ചെയർപേഴ്സൺ മാപ്പ് പറയുക, യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള പ്ലാക്കാർഡുകളുമായിട്ടാണ് എൽഡിഎഫ്, ബിജെപി അംഗങ്ങൾ നഗരസഭാ യോഗത്തിന് എത്തിയത്. തന്റെ ശബ്ദം വേറെ രീതിയിൽ പ്രയോഗിച്ചതാണെന്ന വിശദീകരണത്തോടെയാണ് നിശ്ചിത അജണ്ടകൾക്ക് മുമ്പ് ചെയർപേഴ്സൺ സംസാരിച്ച് തുടങ്ങിയത്. ചെയർ പേഴ്സൺ പറയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് , ബിജെപി അംഗങ്ങളും ചെയർപേഴ്സനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങളും സീറ്റുകളിൽ നിന്ന് എഴുന്നേല്ക്കുകയും നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തതോടെ യോഗം ബഹളത്തിൽ മുങ്ങി. തുടർന്ന് അരമണിക്കൂറിന് ശേഷം ചെയർപേഴ്സൺ വിശദീകരണം പൂർത്തിയാക്കുകയായിരുന്നു. അഞ്ച് ദിവസം വൈകിയെങ്കിലും ചെയർ പേഴ്സൺ ഖേദം പ്രകടിപ്പിപ്പിച്ചത് ഉചിതമായെന്നും ചെയർപേഴ്സനെ തെറ്റിദ്ധരിപ്പിക്കുന്നവരാണ് കൂടെ ഉള്ളതെന്നും അഡ്വ കെ ആർ വിജയയും സഹകരണ ആശുപത്രിയിൽ നിന്ന് യുവാവിന് കൃത്യമായ ചികിൽസ കിട്ടിയിട്ടില്ലെന്നും യുവാവിന്റെ കുടുംബത്തിന് നഗരസഭയും സഹകരണ ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി അംഗം സന്തോഷ് ബോബനും ആവശ്യപ്പെട്ടു.
അപകടത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നഗരസഭ പരിധിയിലെ റോഡുകളുടെ കുഴികളിൽ അടയ്ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ ഉള്ളത് കൊണ്ടാണ് പണികൾ ആരംഭിക്കാൻ വൈകുന്നതെന്നും ചെയർപേഴ്സൺ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പദ്ധതി സമർപ്പിച്ചുവെങ്കിലും ഡിപിസി യിൽ നിന്ന് അംഗീകാരം ലഭിച്ചില്ലെന്ന് പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ പറഞ്ഞു. കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ടിരിക്കുന്ന നഗരസഭ പരിധിയിൽ ഉൾപെടുന്ന ക്രൈസ്റ്റ് കോളേജ് റോഡ്, ഠാണാ റോഡ് എന്നിവ പുനർ നിർമ്മിക്കാൻ നടപടി ആവശ്യപ്പെടണമെന്ന് യോഗത്തിൽ വൈസ് – ചെയർമാൻ ടി വി ചാർലി ആവശ്യപ്പെട്ടു. മരണത്തിന്റെ പേരിൽ സഹകരണ ആശുപത്രി അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെടുന്നവർ മരണമടഞ്ഞ നിക്ഷേപകരുടെ പേരിൽ കരുവന്നൂർ ബാങ്ക് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെടുമോയെന്ന് ഭരണകക്ഷി അംഗം പി ടി ജോർജ്ജ് ചോദിച്ചു. അപകടത്തിന് ഇടയാക്കിയ കുഴികൾ അടച്ചത് തങ്ങളാണെന്നും വാർഡിനെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് കൗൺസിലർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും എൽഡിഎഫ് അംഗം സി സി ഷിബിനും പറഞ്ഞു.
മാപ്രാണം ചാത്തൻ മാസ്റ്റർ ഹാൾ വാടകയ്ക്ക് എടുക്കുന്നവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും വാടക കൂടുതലാണെന്നും ടി കെ ജയാനന്ദൻ പറഞ്ഞു.
ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ മാലിന്യ മാലിന്യ സംസ്കരണത്തിനായി അനുയോജ്യമായ സംവിധാനങ്ങൾ എർപ്പെടുത്താമെന്ന ദേവസ്വത്തിന്റെ അറിയിപ്പ് യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയും ആരോഗ്യ വിഭാഗവും സ്ഥലം സന്ദർശിച്ചിരുന്നു. താൻ ചൂണ്ടിക്കാട്ടിയ വസ്തുതകൾ ശരിയാണെന്ന് തെളിഞ്ഞതായി ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ സന്തോഷ് ബോബൻ പറഞ്ഞു. എന്നാൽ സദുദ്ദേശത്തോടെയല്ല ബിജെപി അംഗത്തിന്റെ വാദങ്ങളെന്ന് അഡ്വ കെ ആർ വിജയ പറഞ്ഞു. പദ്ധതികൾ നടപ്പിലാക്കാൻ ദേവസ്വത്തിന് സാവകാശം നൽകണമെന്നും അത് വരെ ആരോഗ്യ വിഭാഗം പരിശോധനകൾ തുടരണമെന്നും വൈസ് – ചെയർമാൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അൽഫോൺസ തോമസ്, ബൈജു കുറ്റിക്കാടൻ, എം ആർ ഷാജു, ബിജു പോൾ, അമ്പിളി ജയൻ , കെ പ്രവീൺ , നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക് , ഹെൽത്ത് സൂപ്രവൈസർ കെ ജി അനിൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.