വാഹനാപകടത്തിൽ യുവാവിന്റെ മരണം; ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് ബിജെപി; കുഴികളിൽ റീത്ത് വച്ച് പ്രതിഷേധിച്ച് ബിഎംഎസ് ; കുഴികൾ അടയ്ക്കാൻ മുന്നിട്ടിറങ്ങി എൽഡിഎഫ് …
ഇരിങ്ങാലക്കുട : മാർക്കറ്റ് റോഡിലെ കുഴിയിൽ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭ ഭരണകൂടത്തിനെതിരെ പ്രതികരിച്ച് രാഷ്ട്രീയ കക്ഷികളും തൊഴിലാളി സംഘടനകളും .അപകട മരണത്തെ ഹൃദയസ്തംഭനമാക്കി ചിത്രീകരിച്ച നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പാർലമെന്ററി പാർട്ടി നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സമരം പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ അധ്യക്ഷത വഹിച്ചു.
ഇതേ സമയം അപകടം നടന്ന മാർക്കറ്റ് റോഡിലെ കുഴികളിൽ വാഴ നട്ടും റീത്ത് വച്ചുമായിരുന്നു ബിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധം. മേഖലാ പ്രസിഡണ്ട് അജയ് ഘോഷ്, റോഷിത്, എ ജെ രതീഷ് , ജിജു, ബിനോയ് , സിബി എന്നിവർ നേത്യത്വം നൽകി.
വൈകീട്ട് എൽഡിഎഫ് കൗൺസിലർമാരും രംഗത്തെത്തി. അപകടത്തിന് കാരണമായ മാർക്കറ്റ് റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ച് നഗരസഭ അധികൃതരുടെ നിസ്സംഗതയിലുള്ള പ്രതിഷേധം കൂടി രേഖപ്പെടുത്തുകയായിരുന്നു എൽഡിഎഫ് . എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി സി ഷിബിൻ , അഡ്വ ജിഷ ജോബി എന്നിവർ നേത്യത്വം നൽകി.