കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കേരള പിറവി ദിനത്തില്‍ കരുവന്നൂരില്‍ നിന്നും കലക്ടറേറ്റിലേക്ക് ഒറ്റയാന് പോരാട്ടവുമായി മാപ്രാണം സ്വദേശി ജോഷി..
ഇരിങ്ങാലക്കട: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ ജീവിതം വഴിമുട്ടിയ നിരവധി മനുഷ്യരുടെ പ്രതീകമായി നിക്ഷേപകനായ ജോഷി കേരളപിറവി ദിനത്തില്‍ ഒറ്റയാള്‍ സമരം നടത്തുന്നു. പഠനക്കാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുടെ സജീവ പ്രവര്ത്തകന് കൂടിയായിരുന്നു നീതിക്കായി പോരാടുന്ന മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി (53). രാവിലെ ഏഴുമണിക്ക് കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ നിന്നും ജോഷി നടത്തം ആരംഭിക്കും. കുടുംബാംഗങ്ങള്‍ക്ക് അവകാശപ്പെട്ടത് ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ജോഷി മാപ്രാണം ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. വില്പനയ്ക്കു വച്ച വീട്ടിലാണ് ഇപ്പോള്‍ ജോഷിയുടെ താമസം. തുക തിരികെക്കിട്ടാനും ബാങ്കിലെ ഇന്നുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതിയില്‍ പ്രതിഷേധിച്ചുമാണ് സമരം. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി 82.58 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്ന് ജോഷി പറയുന്നു. കരാറുകാരനായ ജോഷി അപകടത്തെ തുടര്‍ന്ന് എട്ട് വര്‍ഷം കിടപ്പിലായിരുന്നു. ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. നിക്ഷേപങ്ങള്‍ കിട്ടാത്തത് കൊണ്ട് കരാര്‍ പണികള്‍ എറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വട്ടിപലിശയ്ക്ക് പണം എടുത്തതിന്റെ ബാധ്യതകളെ തുടര്‍ന്ന് പതിമൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീട് വില്‍ക്കേണ്ട അവസ്ഥയില്‍ കൂടിയാണ്. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും മോശമായ സമീപനമാണെന്ന് ജോഷി പറയുന്നു. സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിറുത്തിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനല്ല ഇടതുപക്ഷക്കാരന് തന്നെയാണെന്നും ഇടതുപക്ഷത്തോട് ചേര്‍ന്നുള്ള യാത്ര തന്നെയാണെന്നും ജോഷി ഉറപ്പിച്ച് പറയുന്നു. ബാങ്കില്‍ പ്രതിസന്ധി ഉടലെടുത്ത വിവരം 2020 ല്‍ താന്‍ ബാങ്കില്‍ ആറ് ലക്ഷം രൂപ നിക്ഷേപിച്ച ഘട്ടത്തില്‍ ബാങ്ക് അധികൃതര്‍ തന്നോട് ഇക്കാര്യം മറച്ച് വച്ചതായും വേദനയോടെ ജോഷി പറയുന്നുണ്ട്.