ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രധാന റോഡുകളിലെ അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാരന് ഒരു വർഷം പിന്നിട്ടിട്ടും പണം ലഭിച്ചില്ല; നിയമ നടപടികൾക്ക് ഒരുങ്ങി മുരിയാട് സ്വദേശി…
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള പ്രധാന റോഡുകളിൽ അറ്റക്കുറ്റപ്പണികൾ നടത്തിയ കരാറുകാരന് ഒരു വർഷം പിന്നിട്ടിട്ടും പൈസയില്ല. കഴിഞ്ഞ വർഷം ആഗസ്റ്റിൽ നഗരത്തിലെ പ്രധാന റോഡുകളായ ബൈപ്പാസ് റോഡ്, ഠാണാ റോഡ് ക്രൈസ്റ്റ് കോളേജ് റോഡ്, ബസ് സ്റ്റാൻഡ് – എകെപി ജംഗ്ഷൻ റോഡ്, ഞവരിക്കുളം റോഡ് എന്നീ അഞ്ച് റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയ മുരിയാട് സ്വദേശി റോജോവിനാണ് ഈ ഗതികേട്. അടിയന്തര വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 18, 19 , 20 തീയതികളായി പണികൾ പൂർത്തീകരിച്ചത്. ഇതിൽ ബസ് സ്റ്റാൻഡ് – എകെപി ജംഗ്ഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള കുഴികൾ നികത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമുണ്ടായിരുന്നു. 50,000 രൂപയായിരുന്നു അടങ്കൽ തുക. പണി പൂർത്തീകരിച്ചിട്ട് 14 മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്ത സാഹചര്യമാണെന്ന് കരാറുകാരൻ പറയുന്നു. ഇത് സംബന്ധിച്ച് നഗരസഭയിൽ പരാതി നൽകിയിട്ടുണ്ട്. പണം ലഭിച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കരാറുകാരൻ സൂചിപ്പിക്കുന്നുണ്ട്.
ഈ വർഷം പട്ടണത്തിലെ റോഡുകളിലെ അറ്റകുറ്റപ്പണികൾ നീളുകയാണ്. വാഹനാപകടമരണത്തിന് കാരണമായ , രണ്ട് ഭരണകക്ഷി അംഗങ്ങൾ പ്രതിനിധീകരിക്കുന്ന മാർക്കറ്റ് റോഡിലെ കുഴികൾ നികത്താനും നടപടി ആയിട്ടില്ല. സമയത്തിന് പണം ലഭിക്കാത്തത് കൊണ്ട് കരാറുകാർ അറ്റകുറ്റപ്പണികൾ എറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.