വാഹനാപകടത്തിൽ യുവാവിന്റെ മരണം; ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ പ്രസ്താവന തിരുത്തണമെന്നും മാപ്പ് പറയണമെന്നും എസ്എൻബിഎസ് സമാജം ഭരണസമിതി ; ചികിൽസയിൽ സഹകരണ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരതരമായ പിഴവെന്നും വിമർശനം …
ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ ഇരിങ്ങാലക്കുട മടത്തിക്കര സ്വദേശിയും എസ്എൻബിഎസ് സമാജം ഭരണസമിതിയംഗവും എസ്എൻവൈഎസ് ട്രഷററും ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ മുക്കുളം വീട്ടിൽ ബിജോയ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ നടത്തിയ പ്രസ്താവന നിർഭാഗ്യകരമായെന്നും പ്രസ്താവന തിരുത്തണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമുള്ള ആവശ്യവുമായി സമാജം ഭരണസമിതി . ബിജോയിയെ ചികിൽസിച്ച സഹകരണ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും സമാജം പ്രസിഡന്റ് എൻ ബി കിഷോർ കുമാർ , സമാജം വികസന കമ്മിറ്റി കൺവീനർ എം കെ വിശ്വംഭരൻ മുക്കുളം എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒരു വർഷമായി നികത്തപ്പെടാതെ കിടക്കുന്ന കുഴിയിൽചാടിയ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നഗരസഭയുടെയും നഗരസഭ ചെയർപേഴ്സന്റെയും സഹകരണ ആശുപത്രിയുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. കൃത്യമായി ഇസിജി പരിശോധന പോലും നടത്താൻ ചികിൽസ നടത്തിയവർക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് ചെയർപേഴ്സൺ രംഗത്ത് ഇറങ്ങിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ആന്തരിക അവയവങ്ങളുടെ ലാബ് റിപ്പോർട്ടിന്റെയും ഫലങ്ങൾ കിട്ടിയത് ശേഷം കൂടതൽ നടപടികളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമെന്നും ഇവർ അറിയിച്ചു. സമാജം സെക്രട്ടറി വേണു തോട്ടുങ്ങൽ , വൈസ് – പ്രസിഡണ്ട് ഷിജിൻ തവരങ്ങാട്ടിൽ, ട്രഷറർ ദിനേശ് എളന്തോളി, എസ്എൻവൈഎസ് പ്രസിഡണ്ട് കെ യു അനീഷ്, സെക്രട്ടറി ബിജു കൊറ്റിക്കൽ ,ക്ഷേത്രം മാത്യസംഘം പ്രസിഡണ്ട് ബിന്ദു ഷൈജു, ബിജോയിയുടെ പിതാവ് മോഹനൻ, ബിജോയിയുടെ സഹോദരിമാർ , ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡെൻസൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.