കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിലേക്ക് വീണ്ടും നിക്ഷേപം; 20 ലക്ഷം രൂപയുടെ നിക്ഷേപവുമായി കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി; സഹകരണ മേഖലയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് സൊസൈറ്റി അധികൃതർ .

കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിലേക്ക് വീണ്ടും നിക്ഷേപം; 20 ലക്ഷം രൂപയുടെ നിക്ഷേപവുമായി കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി; സഹകരണ മേഖലയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് സൊസൈറ്റി അധികൃതർ …

 

ഇരിങ്ങാലക്കുട : കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പും നടന്ന കരുവന്നൂർ സഹകരണബാങ്കിൽ വിശ്വാസമർപ്പിച്ച് തൃശ്ശൂർ ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൊസൈറ്റി അധികൃതർ ഒരു വർഷത്തേക്കായി 20 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്. സഹകരണമേഖലയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സൊസൈറ്റിയുടെ പ്രസിഡന്റ് അഡ്വ അഷ്റഫ് സാബാൻ, ഡയറക്ടറും മുൻ നഗരസഭ ചെയർമാനുമായ കെ ആർ ജൈത്രൻ , കൊടുങ്ങല്ലൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ എം ബിജുകുമാർ , സെക്രട്ടറി സരിത പി ജെ എന്നിവർ കരുവന്നൂർ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി കെ ചന്ദ്രശേഖരന് ചെക്ക് കൈമാറി കൊണ്ട് പറഞ്ഞു. കരുവന്നൂർ ബാങ്കിന് 511 കോടി രൂപ ലഭിക്കാനുണ്ടെന്നും 282 കോടി രൂപയാണ് നൽകാൻ ഉള്ളതെന്നും ഇതിനകം 77 കോടി രൂപ നൽകി കഴിഞ്ഞതായും 17 കോടി രൂപ ഉടൻ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ച 50 കോടി രൂപയുടെ കൺസോർഷ്യം രൂപീകരണം നവംബറിൽ പൂർത്തിയാകുമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളും തയ്യാറാണെന്നും കമ്മിറ്റി പ്രസിഡണ്ട് പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ പി പി മോഹൻദാസ് , ശ്രീകാന്ത് എ എം എന്നിവരും പങ്കെടുത്തു.

Please follow and like us: