ട്രാക്ടർ മോഷ്ടിച്ചു കടത്തിയ കേസിൽ ആറാട്ടുപുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ …
ഇരിങ്ങാലക്കുട : ചൊവ്വൂർ പാടത്തു നിറുത്തിയിട്ടിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ട്രാക്ടർ രാത്രി മോഷ്ടിച്ചു കടത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. ആറാട്ടുപുഴ സ്വദേശികളായ തൈവളപ്പിൽ ദിലീപ് (39 വയസ്സ്) ,തൈക്കൂട്ടത്തിൽ രാജു(54 വയസ്സ്) എന്നിവരെയാണ്
റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചേർപ്പ് ഇൻസ്പെക്ടർ എം.പി.സന്ദീപ് എന്നിവർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ പതിമൂന്നാം തിയ്യതി രാത്രിയാണ് കരാഞ്ചിറ സ്വദേശി മനോജിന്റെ ലക്ഷങ്ങൾ വിലവരുന്ന നൂതന സൗകര്യങ്ങളുള്ള ട്രാക്ടർ കാണാതാവുന്നത്.
കുപ്രസിദ്ധരായ വാഹനമോഷ്ടാക്കളുടെ സാന്നിധ്യമാണ് പോലീസ് ആദ്യം അന്വേഷിച്ചത്. എന്നാൽ കളവിന്റെ രീതി മനസ്സിലാക്കി നടത്തിയ അന്വേഷണമാണ് പെട്ടന്നുതന്നെ നാട്ടുകാരായ പ്രതികളിലേക്കെത്തിയത്.
ഏറെ നാളുകളായി ട്രാക്ടർ ഓടിച്ചിരുന്ന ദിലീപ് ട്രാക്ടറുകളുടെ മെക്കാനിക്കൽ വശങ്ങളും അറിയാവുന്നയാളാണ്. അതുകൊണ്ടു തന്നെ ആർക്കും സംശയം ഇല്ലാത്ത രീതിയിലാണ് ചൊവ്വൂരിൽ നിന്ന് രാത്രി ട്രാക്ടർ കടത്തിക്കൊണ്ടു പോയത്. കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ ശ്രദ്ധയിൽ വരാതിരിക്കാൻ നാലു ദിവസത്തോളം ഒല്ലൂരിൽ ഒരു കാടു പിടിച്ച പറമ്പിൽ ഒതുക്കിയിട്ടു. ബുധനാഴ്ച രാത്രി വീണ്ടും വണ്ടിയുമായി കടന്നു. പിറ്റേന്ന് പാടത്തിറക്കി പണി ആരംഭിച്ച് വെള്ളിയാഴ്ച രാവിലെ മറ്റൊരു പാടശേഖരത്തേക്കുള്ള യാത്രക്കിടെ ട്രാക്ടർ സഹിതം ഇരുവരേയും പോലീസ് സംഘം പിടികൂടുകയായിരുന്നു.
ആലത്തൂർ, തൃപ്പാളൂർ, നെന്മാറ മേഖലകളിൽ നാളുകളായി ട്രാക്ടർ ഓടിക്കുന്ന ദിലീപ് നാട്ടുകാർക്ക് സുപരിചതനുമാണ്. ഓരോ സീസണിലും ട്രാക്ടർ വാടകയ്ക്ക് എടുത്താണ് ഇയാൾ കോൺട്രാക്ട് രീതിയിൽ ഉഴവ് നടത്തിയിരുന്നത്. സ്വന്തമായി ഒരു വണ്ടി സംഘടിപ്പിച്ചാൽ വാടക ലാഭിക്കാമെന്ന ചിന്തയിലാണ് മാഷണത്തിലേക്ക് കടന്നത്. പല സീസണിലും ഇയാൾ ട്രാക്ടറുകൾ മാറി മാറി കൊണ്ടുവന്നിരുന്നതായി നാട്ടുകാർ പറഞ്ഞു എന്നാൽ ഇത് വാടകയ്ക്ക് എടുത്തതാണെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞത്. മുൻപ് ഇത്തരത്തിൽ സംഭവങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ചേർപ്പ് എസ്.ഐ. എസ്.ശ്രീലാൽ, ടി.എ.റാഫേൽ,
സീനിയർ സി.പി.ഒ മാരായ എ.മുഹമ്മദ്, എം.യു.ഫൈസൽ, കെ.എസ്. സുനിൽകുമാർ, എ.ആർ.വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.