അയർലണ്ടിൽ വച്ച് മരണമടഞ്ഞ പൊറത്തിശ്ശേരി സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ടി എൻ പ്രതാപൻ എംപി …
ഇരിങ്ങാലക്കുട : അയർലണ്ടിൽ വച്ച് മരിച്ച പൊറത്തിശ്ശേരി സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപമുള്ള പൊറത്തിശ്ശേരി ചിറ്റിലപ്പിള്ളി വീട്ടിൽ വിൻസെന്റ് (72 ) കഴിഞ്ഞ ദിവസമാണ് അയർലണ്ടിലെ ദ്രോഗഡയിൽ വച്ച് മരണമടഞ്ഞത്. നിക്ഷേപം തിരികെ കിട്ടാത്ത വിഷമം മരണകാരണമായെന്നാണ് വീട്ടുകാർ സൂചിപ്പിക്കുന്നത്. ബാങ്കിലെ പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊറത്തിശ്ശേരിയിലെ വീട്ടിൽ എത്തിയ എംപി യോട് മക്കളും മരുമക്കളും ആവശ്യപ്പെട്ടു. ദീർഘകാലം രാജസ്ഥാനിലെ സ്വകാര്യ കമ്പനിയിലാണ് വിൻസെന്റ് ജോലി ചെയ്തിരുന്നത്. ഭാര്യ താര അവിടെ ഇൻസസ്ട്രിയൽ കമ്പനിയിൽ നേഴ്സായിരുന്നു. വിരമിച്ചതിന് ശേഷം ഇരുവരും നാട്ടിൽ സ്ഥിര താമസമാക്കിയെങ്കിലും സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് താര അയർലണ്ടിലേക്ക് ജോലിക്കായി പോയി. തുടർന്ന് വിൻസെന്റും ഭാര്യയുടെ അടുത്തേക്ക് പോയി. വിൻസെന്റിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ 12 ലക്ഷം രൂപയാണ് വേണ്ടി വരിക. അയർലണ്ടിലെ മലയാളി സമാജം പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.