പട്ടണത്തിൽ ഇനി നാടകവിരുന്നിന്റെ ദിനങ്ങൾ ; പുല്ലൂർ നാടകരാവിന് കൊടിയേറി; കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ പ്രാദേശികഭരണകൂടങ്ങൾ തയ്യാറാകണമെന്ന് വേണുജി ; ചമയം നാടകവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു..
ഇരിങ്ങാലക്കുട : പട്ടണത്തിൽ ഇനി നാടകവിരുന്നിന്റെ ദിനങ്ങൾ . പുല്ലൂർ ചമയം നാടകവേദിയുടെ 26-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 23 മുതൽ 29 വരെ ടൗൺ ഹാളിൽ നടക്കുന്ന പുല്ലൂർ നാടക രാവിന് കൂടിയാട്ട കുലപതി വേണുജി കൊടിയേറ്റി. എല്ലാ വർഷവും മുടങ്ങാതെ നടക്കുന്ന കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് വേണുജി ആവശ്യപ്പെട്ടു. നാടകങ്ങളെ പ്രൊഫഷണൽ എന്നും അമേച്വർ എന്നും വിഭജിക്കുന്നതിനോട് യോജിപ്പില്ലെന്നും കലാപരമായ മേന്മ മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചമയം നാടകവേദിയുടെ പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്കാരം വ്യവസായി പോൾ ജോസ് തളിയത്തിനും നാടൻ പാട്ട് രംഗത്തെ മികവിനുളള കലാഭവൻ മണി സ്മാരക പുരസ്ക്കാരം പ്രസീദ ചാലക്കുടിക്കും ന്യത്ത രംഗത്തെ മികവിനുള്ള രണദിവെ സ്മാരക പുരസ്കാരം അരുൺ നമ്പലത്തിലിനും മേക്കപ്പ് കലാരംഗത്തെ മികവിന് സജയൻ ചങ്കരത്ത് സ്മാരക പുരസ്കാരം കലാനിലയം ഹരിദാസിനും തച്ചു ശാസ്ത്ര രംഗത്തെ മികവിനുള്ള എ വി സോമൻ സ്മാരക പുരസ്കാരം രതീഷ് ഉണ്ണി എലമ്പലക്കാടിനും നൽകുമെന്ന് തുടർന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ചമയം പ്രസിഡണ്ട് എ എൻ രാജൻ, ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രൊഫ സാവിത്രി ലക്ഷ്മണൻ , ഭരതൻ കണ്ടേങ്കാട്ടിൽ, പ്രൊഫ വി കെ ലക്ഷ്മണൻനായർ , എ സി സുരേഷ്, കെ ആർ ഔസേപ്പ് , സെക്രട്ടറി വേണു എളന്തോളി, കോ-ഓർഡിനേറ്റർമാരായ കിഷോർ പള്ളിപ്പാട്ട് , ഷാജു തെക്കൂട്ട് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.