മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലംതല നവകേരള സദസ്സ് ഡിസംബർ 6 ന് ; 1001 അംഗ സംഘാടക സമിതിയായി; ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭൂരിഭാഗ സാങ്കേതിക നടപടികളും പൂർത്തീകരിച്ച് കഴിഞ്ഞതായി മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം തല നവകേരളസദസ്സിന്റെ സംഘാടകസമിതിയായി. ഡിസംബർ 6 വൈകീട്ട് 4.30 ന് അയ്യങ്കാവ് മൈതാനിയിലാണ് നവകേരളനിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും മണ്ഡലത്തിൽ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുക. ഇതിന്റെ മുന്നോടിയായി ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള വികസന മാതൃകയുടെ തനത് സവിശേഷതകൾ ഏറ്റെടുക്കുന്നതോടൊപ്പം , കേരള മോഡൽ വികസനത്തിൽ പ്രവേശനം ലഭിക്കാതെ അരികുവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള മൈക്രോ പ്ലാനുകൾ തയ്യാറാക്കാനും ഭാവി കേരളം എത് ദിശയിൽ സഞ്ചരിക്കണമെന്നത് സംബന്ധിച്ച നിലപാടുകൾ സ്വീകരിക്കാനും നവകേരള സദസ്സ് വേദി ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ സാങ്കേതിക തടസ്സങ്ങൾ ഭൂരിഭാഗവും പൂർത്തീകരിച്ച് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട , മുരിയാട്, വേളൂക്കര ശുദ്ധജല പദ്ധതി , ആളൂർ – കൊടകര ശുദ്ധജല പദ്ധതി, ജനറൽ ആശുപത്രിയിൽ നടപ്പിലാക്കുന്ന പദ്ധതികൾ, 2413 കുടുംബങ്ങൾക്ക് പട്ടയ വിതരണം, കെഎസ്ആർടിസിയിൽ പുതിയ സർവീസുകൾ, റോഡുകളുടെ വികസനം , 64 കോടി രൂപയിൽ കോടതി സമുച്ചയത്തിന്റെ നിർമ്മാണം, കല്ലേറ്റുകരയിൽ ഉള്ള നിപ്റിന്റെ വികസനം, പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവികസന പദ്ധതികൾ തുടങ്ങി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളും മന്ത്രി ചൂണ്ടിക്കാട്ടി. ടൗൺ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായിരുന്നു. അതിദരിദ്രക്കാർക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ പൂർത്തീകരണത്തിനായി ധനവിനയോഗം എളുപ്പമാക്കണമെന്നും ട്രഷറി നിയന്ത്രണങ്ങൾ മൂലം പണം നൽകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പറഞ്ഞു. കലാനിലയം ഉൾപ്പെടെയുള്ള പട്ടണത്തിലെ സാംസ്കാരിക സ്ഥാപനങ്ങൾക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും കലാനിലയത്തിന്റെ ഭരണ സാരഥ്യം കലയുമായി ബന്ധമുള്ളവരെ എല്പിക്കാൻ നടപടികൾ ഉണ്ടാകണമെന്നും കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ ആവശ്യപ്പെട്ടു. മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ , മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ എന്നിവരും സംസാരിച്ചു. ആർഡിഒ എസ് ഷാജി സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, കലാ സാംസ്കാരിക പ്രവർത്തകർ , കലാലയ മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർപേഴ്സണും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ മന്ത്രി കെ രാജൻ എന്നിവർ രക്ഷാധികാരികളും ആർഡിഒ കൺവീനറുമായി 1001 അംഗ സംഘാടക സമിതിക്ക് യോഗം അംഗീകാരം നൽകി.