ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍ …

ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍ …

 

ഇരിങ്ങാലക്കുട: കാറിന് കടന്ന് പോകാന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ ചെറാക്കുളം വീട്ടില്‍ അനന്തു സുരേഷ്(27), ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ ലോര്‍ഡ് അഖിലേശ്വര്‍ ഫ്ലാറ്റിലെ രാഹുല്‍ രാഗേഷ്(24), ഇരിങ്ങാലക്കുട ആസാദ് റോഡില്‍ കളക്കാട്ട് വീട്ടില്‍ അന്‍സര്‍ അഹമദ്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ബ്രയന്റ് ബസിലെ ഡ്രൈവര്‍ നടവരമ്പ് സ്വദേശി മാക്‌സെല്‍ (43), ഉടമയും കണ്ടക്ടറുമായ കുട്ടനെല്ലൂര്‍ സ്വദേശി സെബി വര്‍ഗ്ഗീസ് (59) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെ ക്രൈസ്റ്റ് കോളേജ് റോഡില്‍ വച്ചായിരുന്നു സംഭവം. ബസ് തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്നു. ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് ഇരുകൂട്ടരും തമ്മില്‍ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊടുങ്ങല്ലൂരിലേക്ക് സര്‍വീസ് നടത്തി തിരിച്ച് തൃശ്ശൂരിലേക്ക് പോകാന്‍ എത്തിയപ്പോൾ ബസ് ജീവനക്കാരെ സ്റ്റാന്റില്‍ കാറിൽ എത്തിയവർ മര്‍ദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസ് ജീവനക്കാർ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. തുടർന്ന് ഉടമയുടെ പരാതിയില്‍ പോലീസ് കേസ്സെടുക്കുകയായിരുന്നു.

Please follow and like us: