ഇരിങ്ങാലക്കുട, പടിയൂർ, പൂമംഗലം, മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ അധ്യക്ഷൻമാരായി ; ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ തർക്കങ്ങളെയും തുടർന്ന് ആളൂർ, കാട്ടൂർ, വേളൂക്കര, പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി അധ്യക്ഷൻമാരുടെ പ്രഖ്യാപനം നീളുന്നു …
ഇരിങ്ങാലക്കുട : ഗ്രൂപ്പ് തർക്കത്തെയും ഗ്രൂപ്പിനുള്ളിലെ തർക്കങ്ങളെയും തുടർന്ന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൊറത്തിശ്ശേരി, വേളൂക്കര , കാട്ടൂർ , ആളൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി അധ്യക്ഷൻമാരുടെ പ്രഖ്യാപനം നീളുന്നു. ഇരിങ്ങാലക്കുട, കാറളം, പടിയൂർ, പൂമംഗലം, മുരിയാട് മണ്ഡലം കമ്മിറ്റി അധ്യക്ഷൻമാരെയാണ് ദിവസങ്ങൾക്ക് മുൻപ് ജില്ലാ കോൺഗ്രസ്സ് നേതൃത്വം പ്രഖ്യാപിച്ചത്. എ ഗ്രൂപ്പിൽ നിന്നുള്ള സി എസ് അബ്ദുൾ ഹഖ് , എ ഐ സിദ്ധാർത്ഥൻ , എൻ ശ്രീകുമാർ , സാജു പാറേക്കാടൻ എന്നിവരെയാണ് ഇരിങ്ങാലക്കുട, പടിയൂർ, പൂമംഗലം, മുരിയാട് മണ്ഡലം കമ്മിറ്റി അധ്യക്ഷൻമാരായി പ്രഖ്യാപിച്ചിട്ടുള്ളത്. കാറളം മണ്ഡലം കമ്മിറ്റിയെ ഐ ഗ്രൂപ്പിൽ നിന്നുള്ള ബാസ്റ്റ്യൻ ഫ്രാൻസിസ് തുടർന്നും നയിക്കും. കാട്ടൂരിൽ എ ഗ്രൂപ്പിൽ നിന്നുള്ള ബെറ്റി ജോസ് , എ പി വിൽസൻ , ആളൂരിൽ എ ഗ്രൂപ്പിൽ നിന്നുളള നിലവിലെ മണ്ഡലം പ്രസിഡന്റ് ബാബു തോമസ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. എന്നാൽ കാട്ടൂർ , ആളൂർ മണ്ഡലം കമ്മിറ്റി അധ്യക്ഷ പദവികൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഐ ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. വേളൂക്കരയിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള അഡ്വ ശശികുമാർ എടപ്പുഴ, ഹേമന്ത് കുമാർ , പൊറത്തിശ്ശേരിയിൽ ഐ ഗ്രൂപ്പിൽ നിന്നുളള സിജു പാറേക്കാടൻ, പി കെ ഭാസി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. ജില്ലയിൽ അമ്പത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻമാരെയാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്.