നവരാത്രിയോടനുബന്ധിച്ച് നൃത്ത-സംഗീതോൽസവവുമായി ശ്രീകൂടൽമാണിക്യം ദേവസ്വം ; 80 ൽ പരം ഇനങ്ങളിലായി പങ്കെടുക്കുന്നത് 800 ൽ അധികം കലാകാരൻമാർ …
ഇരിങ്ങാലക്കുട : നവരാത്രിയോടനുബന്ധിച്ച് ന്യത്ത -സംഗീതോൽസവുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. ഒക്ടോബർ 15 മുതൽ 24 വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ 80 ൽ പരം ഇനങ്ങളിലായി 800 ൽ അധികം കലാകാരൻമാർ പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വൈകീട്ട് 5.30 മുതൽ രാത്രി 9.30 വരെ നീണ്ടു നിൽക്കുന്ന പരിപാടികളിൽ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ചെന്നൈ , ബാംഗ്ളൂർ എന്നിവടങ്ങളിൽ നിന്നുമുള്ള കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ദേവസ്വം നേരിട്ടാണ് ഭക്തജനങ്ങളുടെയും നാട്ടുകാരെയും സഹകരണത്തോടെ നവരാത്രി ന്യത്ത സംഗീതോൽസവം സംഘടിപ്പിക്കുന്നത്. ക്ഷേത്രത്തിലെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 22, 23, 24 തീയതികളിൽ നടക്കും. ഇത്തവണ തൃപ്പുത്തരി സദ്യയ്ക്ക് എഴായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , കെ എ പ്രേമരാജൻ, അഡ്വ കെ ജി അജയകുമാർ , കെ ജി സുരേഷ് എന്നിവരും ദേവസ്വം ഓഫീസിൽ നടത്തിയ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.