മകന്റെ ചികിൽസയ്ക്കായി ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിലും റോഡിൽ നിന്നും വീണ് കിട്ടിയ അഞ്ച് പവന്റെ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് കൈമാറിയ ഓട്ടോ ഡ്രൈവർ മാതൃകയായി ; ചികിൽസയ്ക്കുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളാകുമെന്ന് ജനമൈത്രി പോലീസും …

മകന്റെ ചികിൽസയ്ക്കായി ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിലും റോഡിൽ നിന്നും വീണ് കിട്ടിയ അഞ്ച് പവന്റെ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് കൈമാറിയ ഓട്ടോ ഡ്രൈവർ മാതൃകയായി ; ചികിൽസയ്ക്കുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളാകുമെന്ന് ജനമൈത്രി പോലീസും …

ഇരിങ്ങാലക്കുട : മകന്റെ ചികിൽസയ്ക്ക് ലക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും റോഡിൽ നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണത്തിന് മുന്നിൽ പതറാതെ നിന്ന ഓട്ടോഡ്രൈവർ മാതൃകയായി. തൊമ്മാന കിരുവാട്ടിൽ വീട്ടിൽ ജിനേഷിനാണ് രണ്ട് ദിവസം മുമ്പ് ഇരിങ്ങാലക്കുട ഠാണാവിൽ നിന്നും അഞ്ച് പവന്റെ സ്വർണ മാല കളഞ്ഞ് കിട്ടിയത്. കിഡ്നി സംബന്ധമായ രോഗത്തിന് എൽഎഫ് സ്കൂളിൽ പഠിക്കുന്ന നാല് വയസ്സുകാരനായ മകൻ ആദികൃഷ്ണന് ലക്ഷങ്ങൾ കണ്ടെത്താനുള്ള യത്നങ്ങളിലാണ് പത്ത് വർഷങ്ങളായി ഓട്ടോ ഓടിക്കുന്ന ജിനേഷ് . അമ്മയും സഹോദരനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബമാണ് ജിനേഷിന്റേത്.മനസ്സ് പതറാതെ ഉറച്ച നിലപാട് എടുത്ത ജിനേഷ് സുഹ്യത്തും നാട്ടുകാരനുമായ ബ്ലോക്ക് മെമ്പർ അഡ്വ ശശികുമാറിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാല നഷ്ടപ്പെട്ട ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ഓടമ്പിള്ളി വീട്ടിൽ നീമ ഭരതന് പോലീസ് സ്റ്റേഷനിൽ വച്ച് മാല കൈമാറി. മിനിഞ്ഞാന്ന് രാവിലെ വീട്ടിൽ നിന്ന് യോഗാ പരിശീലനത്തിനായി നടന്ന് പോകുന്നതിനിടയ്ക്കാണ് മാല നഷ്ടപ്പെട്ടതെന്നും കടുത്ത വിഷമത്തിലായിരുന്നുവെന്നും നീമ പറഞ്ഞു. പിതാവ് ബാലഗോപാലനും സ്റ്റേഷനിൽ എത്തിയിരുന്നു. സമൂഹത്തിന് മുന്നിൽ സത്യസന്ധതയുടെ മഹത്തായ മാതൃകയായി ജിനേഷ് മാറുകയാണെന്നും മകന്റെ ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഇരിങ്ങാലക്കുട ജനമൈത്രി പോലീസും പങ്കാളികളാകുമെന്ന് എസ്ഐ എൻ കെ അനിൽകുമാർ , ഗ്രേഡ് എസ്ഐ ജോർജ്ജ് കെ പി എന്നിവർ അറിയിച്ചു.

Please follow and like us: