ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന; രണ്ട് ഹോട്ടലുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാൻ നിര്‍ദേശം …
ഇരിങ്ങാലക്കുട: നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് രണ്ടു ഹോട്ടലുകള്‍ക്കതിരെ നടപടി. ഠാണാ ജംഗ്ഷനിലെ കീര്‍ത്തി ഹോട്ടല്‍, സിറ്റി ഹോട്ടല്‍ എന്നിവയാണ് താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശിച്ചത്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം പരിശോധന നടത്തിയ ശേഷമേ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂ. ഇവക്കു പുറമേ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലുള്ള സുരു ബേക്കറിയിലടക്കം എട്ട് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. അനൂപ്കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.വി. പ്രവീണ്‍, സി.ജി. അജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.