ആളൂരിലെ തേക്ക് മോഷണം ; ഏഴു പ്രതികൾ അറസ്റ്റിൽ …

ആളൂരിലെ തേക്ക് മോഷണം ; ഏഴു പ്രതികൾ അറസ്റ്റിൽ …

 

ഇരിങ്ങാലക്കുട : ആളൂരിൽ മുറിച്ചിട്ട വൻ തേക്കു മരം രാത്രി കടത്തി കൊണ്ടു പോയി വിറ്റ ഏഴംഗ സംഘം അറസ്റ്റിൽ . വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടിൽ ജിസ് (38 വയസ്സ്), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പിൽ ഡാനിയൽ (23 വയസ്സ്), പണ്ടാരപറമ്പിൽ വീട്ടിൽ ദിലീപ് (41 വയസ്സ്), മുനിപ്പാറ സ്വദേശികളായ പൂളയ്ക്കൽ ജിനേഷ് (25 വയസ്സ്) ,മധുരഞ്ചേരി വിഷ്ണു (26 വയസ്സ്), വെറ്റിലപ്പാറ സ്വദേശികളായ എക്കാടൻ മധു (49 വയസ്സ്) ചാണശ്ശേരി പറമ്പിൽ സംഗീത് (46 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.എസ്. രതീഷ് എന്നിവർ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസ്സിനാസ്പദമായ സംഭവം. ആളൂർ മേഖലയിൽ രണ്ടു മാസം മുമ്പുണ്ടായ ശക്തമായ കാറ്റിൽ ആളൂർ ആർ.എം.എച്ച്. എസ് സ്കൂളിനിന് സമീപം താമസിക്കുന്ന ബെന്നിയുടെ വീട്ടിലെ വൻ തേക്കു മരം റോഡിലേക്ക് മറിഞ്ഞു വീണിരുന്നു. ഇത് മുറിച്ച് റോഡരികൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഈ തേക്കു മരത്തടികളാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം ഉടമയുടെ ശ്രദ്ധയിൽപ്പെടുന്നത്.

നിരവധി മരക്കച്ചവടക്കാർ തേക്ക് തടികൾ ചോദിച്ചു വന്നിരുന്നു. സംഭവ ദിവസം പുലർച്ചെ അതു വഴി ഒരു മിനിലോറി വന്നു പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നിരവധി മരക്കച്ചവടക്കാരെയും വാഹനങ്ങളെക്കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച രാത്രിയോടെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി, ആളൂർ ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏഴു പേരേയും പിടികൂടിയത്. തിങ്കളാഴ്ചയും ഇതേ സംഘം നാട്ടുകാർക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിൽ ആളൂരിൽ മരക്കച്ചവടത്തിന് എത്തിയിരുന്നു. അന്നു വാങ്ങിയ മരങ്ങൾ പെരുമ്പാവൂരിൽ വിൽപ്പന നടത്തി തിരിച്ചു വരുന്നതിനിടെ മൂന്നുപേരെ ചാലക്കുടിയിൽ വച്ചും മറ്റുള്ളവരെ കാഞ്ഞിരപ്പിള്ളി, വെറ്റാലപ്പാറ ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ഭാരമുള്ള തടികൾ രാത്രി ആരുമറിയാതെയാണ് ഇവർ വാഹനത്തിൽ കയറ്റി കടത്തിക്കൊണ്ടുപോയത്. പെരുമ്പാവൂരിലെ അറക്കമില്ലിൽ വിറ്റ തേക്കു തടികളും വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ആളൂർ എസ്.ഐ. വി.പി.അരിസ്റ്റോട്ടിൽ, ക്ലീസൻ തോമസ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Please follow and like us: