സമയക്രമം സംബന്ധിച്ച ഉത്തരവ് പുനപരിശോധിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം; ത്യപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ നാളെ മുതൽ പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചു …
തൃശ്ശൂർ : സമയ ക്രമത്തിന്റെ പേരിൽ തൃപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സ് ജീവനക്കാർ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചു. സമയക്രമം സംബന്ധിച്ച മാറ്റത്തെക്കുറിച്ച് പുനപരിശോധിക്കാൻ ജില്ലാ കളക്ടർ തൃശ്ശൂർ ആർടിഒ യ്ക്ക് നിർദ്ദേശം നൽകിയതോടെയാണിത്. കഴിഞ്ഞ മാസം 12 ന് ചേർന്ന യോഗത്തിലാണ് ത്യപ്രയാറിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള ബസുകളുടെ റണ്ണിംഗ് ടൈം 45 മിനിറ്റായി തീരുമാനിച്ച് കൊണ്ടുള്ള തീരുമാനം നിലവിൽ വന്നത്. എന്നാൽ ത്യപ്രയാറിൽ നിന്ന് വിവിധ വഴികളിലൂടെ ഓടിയെത്തുന്ന ബസ്സുകൾക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തയില്ലെന്നും ജില്ലാ കളക്ടറുമായുള്ള ചർച്ചയിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കളക്ടർ സമയമാറ്റത്തെ ക്കുറിച്ചുള്ള ഉത്തരവ് പരിശോധിക്കാൻ ആർടിഒ യ്ക്ക് നിർദ്ദേശം നൽകിയത്. എം കെ ശിവൻ, നന്ദകുമാർ , റോൺസൻ, എം മുരളി, ശ്യാം ബി മേനോൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.