വൈദ്യുതി ബില്ലിൽ കുടിശ്ശിക ; ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് ഊരി കെഎസ്ഇബി ; പുനസ്ഥാപിച്ചത് ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് …
ഇരിങ്ങാലക്കുട : ബിൽ കുടിശ്ശികയുടെ പേരിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ പ്രാഥമികാവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നഗരസഭ വക കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരി . പ്രതിഷേധം ഉയരുകയും വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെടുകയും ചെയ്തതോടെ മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞായിരുന്നു നാടകീയ സംഭവങ്ങൾ . കംഫർട്ട് സ്റ്റേഷന്റെ ഒരു മാസത്തെ ബില്ലാണ് കുടിശ്ശിക ആയി ഉണ്ടായിരുന്നത്. നഗരസഭയിൽ കഴിഞ്ഞ മാസം 19 ന് ചാർജ്ജ് എടുത്ത സെക്രട്ടറി പിന്നീട് ഓഫീസിൽ എത്താതിരുന്ന സാഹചര്യത്തിൽ സൂപ്രണ്ടിന് ചാർജ്ജ് കിട്ടിയത് കഴിഞ്ഞ മാസം 30 നാണ് . ഫയലുകൾ ഇതിന് ശേഷം പരിശോധിച്ച് വരികയായിരുന്നുവെന്നും ഡിജിറ്റൽ ഒപ്പ് സംബന്ധിച്ച സാങ്കേതിക വിഷയം ഉണ്ടായിരുന്നത് കൊണ്ട് ചെക്ക് എഴുതാൻ വൈകിയതാണെന്നും വിഷയം കെഎസ്ഇബി അധികൃതരെ ചെയർപേഴ്സൺ ധരിപ്പിച്ചുരുന്നുവെന്നും എന്നാൽ യാതൊരു മുന്നറിയിപ്പും നോട്ടീസും ഇല്ലാതെ പൊതുജനം ഉപയോഗിക്കുന്ന സ്ഥാപനത്തിന്റെ ഫ്യൂസ് ഊരുകയായിരുന്നുവെന്നും നഗരസഭ സൂപ്രണ്ട് പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ജില്ലാ കളക്ടറെ ധരിപ്പിക്കുകയും കളക്ടറുടെ ഇടപെടലിനെ തുടർന്ന് വൈകീട്ടോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയുമായിരുന്നു. കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ കണക്ഷനുകൾ വിഛേദിക്കണമെന്ന കർശന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് വരികയായിരുന്നുവെന്നും കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് ഊരിയത് മനപൂർവമല്ലെന്നും വിഷയം ശ്രദ്ധയിൽ വന്നതിനെ തുടർന്ന് ഉടൻ നടപടികൾ സ്വീകരിച്ചതായും കെഎസ്ഇബി വൃത്തങ്ങൾ വിശദീകരിച്ചു.