ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയാവസ്ഥ ; അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധവുമായി നാട്ടുകാർ ..
ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മാസങ്ങളായി യാതൊരു നടപടികളും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ.
ഇതിനകം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും കുഴികളടയ്ക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സമരക്കാർ റോഡ് ബ്ലോക്ക് ചെയ്യാതെ, ഇരിങ്ങാലക്കുട – തൃശൂർ സംസ്ഥാന പാതയിലെ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ പ്രതീകാത്മക ശവസംസ്കാരം നടത്തി. വരും ദിവസങ്ങളിൽ മറ്റുള്ളവർക്ക് വന്ന് പ്രതിഷേധം അറിയിക്കാനും അനുശോചിക്കാനും വേണ്ടി മെഴുകു തിരിയും സ്ഥാപിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുടയിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ മെയ് മാസം അവസാനം തുടങ്ങിയതാണ്. ജൂൺ മാസത്തിൽ മഴ തുടങ്ങുമെന്നറിഞ്ഞിട്ടും യാതൊരു ആസൂത്രണവുമില്ലാതെ പ്രധാന റോഡുകൾ മുഴുവൻ കുത്തിപ്പൊളിക്കുകയായിരുന്നുവെന്ന് സമരക്കാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം സ്കൂട്ടറിൽ പോകുമ്പോൾ ഠാണാ ജംഗ്ഷനു വടക്കുവശം റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയായ ഷേർളിയെ സഹായിച്ച ഓട്ടോ ഡ്രൈവർ ടി കെ ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.