കരുവന്നൂര്‍ ബാങ്ക് വിഷയം മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിലും ; നിക്ഷേപകർക്ക് ചികില്‍സക്ക് പണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി ;തൃപ്രയാര്‍, കാറളം, കാട്ടൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ ഠാണാ ജംഗ്‌ഷനിൽ പോകണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനം…
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ചികില്‍സക്ക് പണം ലഭിക്കാത്ത വിഷയത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തില്‍ വിമർശനം. നിക്ഷേപകര്‍ ചികില്‍സക്ക് പണം ആവശ്യപ്പെടുമ്പോള്‍ തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളിയാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. നിക്ഷേപകരോട് മാനുഷികമായ സമീപനമാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകേണ്ടതുണ്ടെന്നും നിക്ഷേപകരുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് അടിയന്തിരമായി സ്വീകരിക്കണമെന്നും ടിവി ചാര്‍ളി ആവശ്യപ്പട്ടു. യോഗത്തില്‍ സഹകരണ വകുപ്പിന്റെ പ്രതിനിധി പങ്കെടുത്തിരുന്നുവെങ്കിലും ഈ വിഷയത്തില്‍ മറുപടിയൊന്നും പറഞ്ഞില്ല. തൃപ്രയാര്‍, കാട്ടൂര്‍, കാറളം എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ ഠാണാ ജംഗ്‌നില്‍ പോകണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കതിരെ നടപടി സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനമായി. ഠാണാവില്‍ പോകാതെ ബസ്സ് സ്റ്റാന്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയതായി ജോയിന്റ് ആര്‍ടിഓ കെ.എ രാജു അറിയിച്ചു. ഇക്കാര്യം നിരീക്ഷിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമലപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നിന്നും വരുന്ന എല്ലാ ബസുകള്‍ക്കും ഠാണാ ജംഗ്ഷനില്‍ പോകുവാന്‍ സമയമുണ്ട്. യാത്രക്കാരോ പെതുജനങ്ങളോ ഇക്കാര്യത്തില്‍ ഏന്തെങ്കിലും പരാതി നല്‍കിയാല്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആർടിഓ അറിയിച്ചു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ അറ്റകുറ്റ പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പട്ടു. കോന്തിപുലം, താമരവളയം എന്നീ ബണ്ടുകളുടെ നിര്‍മ്മാണം തുലാവര്‍ഷം കഴിഞ്ഞ് പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിച്ചു. ജനറല്‍ ആശുപത്രിയില്‍ മരുന്നുകളുടെ ക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്‍ഗണനാ കാര്‍ഡുകള്‍ക്കായി അപേക്ഷിക്കുന്നതിന് ഒക്ടോബര്‍ 10-ാം തീയതി മുതല്‍ 20-ാം തീയതി വരെ സമയം അനുവദിച്ചിട്ടുള്ളതായി താലൂക്ക് സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടിവി ചാര്‍ളി, മുകുന്ദപുരം തഹസില്‍ദാര്‍ കെ. ശാന്തകുമാരി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ മുര്‍ഷിദ്, ആന്റോ പെരുമ്പിള്ളി എന്നിവര്‍ സംസാരിച്ചു.