കരുവന്നൂർ കൊള്ള;മരണമടഞ്ഞ ശശിയുടെ വീട്ടിൽ ടി എൻ പ്രതാപൻ എംപിയെത്തി; ശശിയുടെ മാതാവ് തങ്കക്ക് നിക്ഷേപ തുക തിരിച്ചു ലഭിക്കുന്നതു വരെയുള്ള ചികില്‍സാ ചിലവ് എംപി ഫണ്ടില്‍ നിന്നും നല്‍കുമെന്ന് എംപി …
ഇരിങ്ങാലക്കുട: ചികില്‍സക്ക് നിക്ഷേപ തുക ലഭിക്കാതെ മരണമടഞ്ഞ കരുവന്നൂർ തേലപ്പിള്ളി സ്വദേശി ശശിയുടെ മാതാവ് തങ്കക്കുള്ള ചികില്‍സാ ചിലവ് എംപി ഫണ്ടില്‍ നിന്നും നല്കുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ഉറപ്പു നല്‍കി. മരണപ്പെട്ട ശശിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയപ്പോളാണ് എംപി ഇത് സംബന്ധിച്ച ഉറപ്പ് ശശിയുടെ മാതാവ് തങ്കക്ക് നല്‍കിയത്. മരുന്നുകള്‍ ഇരിങ്ങാലക്കുട സഹകരണ നീതി സ്റ്റോർ വഴി ലഭ്യമാക്കും. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് എന്തെങ്കിലും ചികില്‍സാ സഹായം ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കും. ഇതിനുള്ള ചിലവ് എംപി ഫണ്ടില്‍ നിന്നും നല്‍കും. കരുവന്നൂര്‍ ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ലഭിക്കുന്നതു വരെ ഈ സഹായം തുടരും. ഇക്കാര്യം ഉറപ്പാക്കാൻ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാറിനെ ചുമതലപ്പെടുത്തി. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കാമെന്ന് കരുതരുതെന്നും കരുവന്നൂര്‍ ബാങ്കില്‍ നിന്നും നിക്ഷപകര്‍ക്ക് പണം തിരികെ ലഭിക്കുന്നതുവരെ ശക്തമായ പോരാട്ടവും ഇടപ്പെടലുകളും നടത്തുമെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍, വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളി, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, കൗണ്‍സിലര്‍മാരായ അജിത്കുമാര്‍, സിജു യോഹന്നാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കെ.സി ജെയിംസ്, കെ.കെ അബ്ദുള്ളക്കുട്ടി എന്നിവരും പ്രതാപനൊടൊപ്പം ഉണ്ടായിരുന്നു.