അംഗപരിമിതനായ നിക്ഷേപകൻ ചികിൽസക്ക് പണം ലഭിക്കാതെ മരണമടഞ്ഞു; കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നത് പതിമൂന്നര ലക്ഷം ; ലഭിച്ചത് രണ്ട് ലക്ഷത്തോളം മാത്രം …
ഇരിങ്ങാലക്കുട : ചികിൽസക്ക് പണം ലഭിക്കാതെ കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മരണമടഞ്ഞതായി പരാതി ഉയർന്നു. കരുവന്നൂർ തേലപ്പിള്ളി കോളേങ്ങാട്ടുപ്പറമ്പിൽ ശശി (53 വയസ്സ്) ആണ് കഴിഞ്ഞ മാസം 30 ന് മരണമടഞ്ഞത്. ശശിയുടെയും അമ്മ തങ്കയുടെയും പേരിലായി പതിമൂന്നര ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നുവെങ്കിലും ബാങ്ക് കനിഞ്ഞില്ലെന്ന് സഹോദരി മിനി മാധ്യമങ്ങളോട് പറഞ്ഞു . തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ചികിൽസക്ക് ചിലവായ അഞ്ച് ലക്ഷം രൂപയുടെ ബില്ലുകൾ ഹാജരാക്കിയെങ്കിലും രണ്ട് ലക്ഷത്തോളം രൂപ മാത്രമാണ് അനുവദിച്ചത്. പലരിൽ നിന്നും വായ്പ വാങ്ങിയിട്ടാണ് ആശുപത്രി ബില്ലുകൾ അടച്ച് തീർത്തത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷം പല്ലിശ്ശേരിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ ചികിൽസയിൽ കഴിയവേ ആയിരുന്നു മരണം. വാർഡ് മെമ്പർ അജിത്ത് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഇത്ര തുകയെങ്കിലും ലഭിച്ചത്. വീടിന്റെ പുറകിലുള്ള പത്ത് സെന്റ് സ്ഥലം വിറ്റ് നേടിയ പണമാണ് എഴ് വർഷം മുമ്പ് ബാങ്കിന്റെ മാപ്രാണം ശാഖയിൽ നിക്ഷേപിച്ചത്. അംഗപരിമിതനായ ശശിയും 73 വയസ്സുള്ള അമ്മ തങ്കയുമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. സഹോദരന്റെ മരണത്തിന് ശേഷവും ബാങ്കിൽ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് മിനി പറഞ്ഞു.