കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിയെയും മകനെയും സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും …
ഇരിങ്ങാലക്കുട : കർഷകരെ വണ്ടി കയറ്റി കൊന്ന വിഷയത്തിൽ നടപടി എടുക്കാത്തതിൽ കരിദിനം ആചരിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കർഷകർ ദേശവ്യാപകമായി കരിദിനം ആചരിച്ചു. 2021 ഒക്ടോബർ 3ന് ഉത്തർപ്രദേശിലെ ലഖീം പൂർഖേരിയിൽ സമരം ചെയ്ത കർഷകരെ വാഹനം ഓടിച്ച് കയറ്റി കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെയും മകൻ ആശിഷ് മിശ്രക്കെതിരേയും രണ്ട് വർഷക്കാലമായിട്ടും നടപടിയെടുക്കാത്ത കേന്ദ്ര ഗവൺമെന്റിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റേയും അനാസ്ഥക്കെതിരെയും, കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെയുമാണ് കരിദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംയുക്ത സമരസമിതി മാർച്ചും ധർണ്ണയും നടത്തിയത്. ധർണ്ണ സമരം സിപിഎം ഏരിയാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി കെ.എ. ഗോപി, പ്രസിഡന്റ് സി.ഡി. സിജിത്ത്, കെഎസ്കെടിയു ഏരിയാ പ്രസിഡന്റ് കെ.കെ.സുരേഷ് ബാബു,ജില്ലാ കമ്മിറ്റി അംഗം മല്ലിക ചാത്തുകുട്ടി തുടങ്ങിയവർ സംസാരിച്ചു. കെഎസ്കെടിയു ഏരിയാ സെക്രട്ടറി കെ.വി. മദനൻ സ്വാഗതവും കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.